Skip to main content
പരമ്പാരാഗത വ്യവസായ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിന് നടത്തുന്ന മലബാര്‍ ക്രാഫ്റ്റ് മേളയുമായി ബന്ധപ്പെട്ട്  കലക്ടറേറ്റ് സമ്മേളനഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി എ.സി.മൊയ്തീന്‍ സംസാരിക്കുന്നു.

പരമ്പരാഗത വ്യവസായ മേഖലയ്ക്ക് പ്രോത്സാഹനം :  മലബാര്‍ ക്രാഫ്റ്റ് മേള ജനുവരിയില്‍ പാലക്കാട്

 

    മലബാര്‍ ക്രാഫ്റ്റ് മേള ജനുവരി 16 മുതല്‍ 30 വരെ പാലക്കാട് ഇന്ദിരാഗാന്ധി നഗരസഭാ സ്റ്റേഡിയത്തില്‍ നടക്കും. പരമ്പാരാഗത വ്യവസായ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് മേള നടത്തുന്നതെന്ന് വ്യവസായ-കായിക-യുവജനകാര്യ മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. മേളയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് കലക്ടറേറ്റ് സമ്മേളനഹാളില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യവസായമേളയെന്നതിലുപരി സാംസ്കാരിക-ആശയ കൈമാറ്റത്തിനും വിജ്ഞാനത്തിനും വിനോദത്തിനുമുള്ള വേദികൂടിയാവണം മേളയെന്ന് മന്ത്രി പറഞ്ഞു.ജില്ലയില്‍ വാണിജ്യരംഗത്തെ പുരോഗതിക്ക്  സഹായകമാവുന്ന രീതിയിലാണ് മേള സംഘടിപ്പിക്കുക.  
    നിയമ-സാംസ്കാരിക-പട്ടിക-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷനായി. ജില്ലയില്‍ കഴിഞ്ഞവര്‍ഷം നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം, ഗദ്ദിക നാടന്‍ കലാമേള, ബി.സി.ഡി.സി. എക്സ്പോ എന്നിവയ്ക്ക് ജനങ്ങള്‍ നല്‍കിയ പങ്കാളിത്തവും ക്രാഫ്റ്റ് മേളയ്ക്കും പ്രതീക്ഷിക്കുന്നതായി മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. 
    സ്റ്റാളുകള്‍ക്ക് പകരം പരമ്പരാഗത കുടിലുകളാണ് മേളയ്ക്കായി നിര്‍മിക്കുക. കൂടാതെ ഫുഡ് കോര്‍ട്ട്, പ്രദര്‍ശനം, കലാ-സാംസ്കാരിക പരിപാടികള്‍ എന്നിവയുമുണ്ടാവും. സംസ്ഥാനത്തെ കരകൗശല വിദഗ്ധരെ കൂടാതെ മറ്റ് സംസ്ഥാനത്തെ വിദഗ്ധരും പങ്കെടുക്കും. ഇവര്‍ കുടിലുകളില്‍ തന്നെ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത് കാണാനും  പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാവും. മേളയില്‍ ഗ്രീന്‍ പ്രോട്ടോകോളും പാലിക്കും.മേളയുടെ നടത്തിപ്പിനായി 11 സബ് കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്. 
    കലക്ടറേറ്റ് സമ്മേളനഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ശാന്തകുമാരി, നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന്‍, എം.എല്‍.എ.മാരായ പി.ഉണ്ണി, കെ.വി.വിജയദാസ്, വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടര്‍  കെ.എന്‍.സതീഷ്, ജില്ലാ കലക്ടര്‍ ഡേ: പി.സുരേഷ് ബാബു , ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രെമോഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വി.രാജഗോപാലന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനെജര്‍ ജി.രാജ്മോഹന്‍ എന്നിവര്‍ സംസാരിച്ചു. 

ക്രാഫ്റ്റ്സ്മേളയില്‍ ട്രാന്‍സ്ജെന്‍ഡര്‍ ഫെസ്റ്റ്

    ക്രാഫ്റ്റ്മേളയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയുള്ള കലാ-സാംസ്കാരിക മേള നടക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ട്രാന്‍സ്ജെന്‍ഡര്‍ ഫെസ്റ്റ്, ഫ്യൂഷന്‍ ഫെസ്റ്റ്, ഭിന്നശേഷിയുള്ള അപൂര്‍വ പ്രതിഭകളുടെ സംഗമം, ദൈവദശകം നൃത്ത നാടകം, മലയാളപുഴ, മാറ്റുവിന്‍ ചട്ടങ്ങളേ നാടകം, മുളസംഗീതം, സ്വാമി വിവേകാനന്ദനെക്കുറിച്ചുള്ള പരിപാടി , തോല്‍പ്പാവക്കൂത്ത്, ഇന്‍ററാക്ടീവ് മാജിക് ബിനാലെ തുടങ്ങിയ പരിപാടികള്‍ നടക്കും,. 
 

date