Skip to main content

പട്ടിക വര്‍ഗ വിഭാഗത്തിലെ കായിക താരങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിക്കും:  വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്  * എംആര്‍എസ്-ഹോസ്റ്റല്‍ സംസ്ഥാനതല കായിക മേള  കളിക്കളം 2018 ഉദ്ഘാടനം ചെയ്തു

    പട്ടിക വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ സര്‍ഗശേഷി മനസ്സിലാക്കി അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് സര്‍ക്കാര്‍ അവസരങ്ങളുണ്ടാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ മൂന്നാമതു സംസ്ഥാനതല കായികമേള 'കളിക്കളം 2018' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    മത്സരത്തില്‍ ജയവും തോല്‍വിയും ആപേക്ഷികമാണ്. പ്രാതിനിധ്യമാണ് പ്രധാനം. അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്കു മുമ്പേ കളിക്കളം സംഘടിപ്പിക്കാനും പട്ടിക വിഭാഗത്തിലെ കായിക താരങ്ങള്‍ക്ക് സ്‌കൂള്‍ കായിക മേളയില്‍ പങ്കെടുക്കാന്‍ കൂടുതല്‍ അവസരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. 

    തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പതാക ഉയര്‍ത്തി കഴിഞ്ഞവര്‍ഷത്തെ മേളയിലെ ചാമ്പ്യന്മാരായ ടീമുകളുടെ കാപ്റ്റന്‍മാര്‍ക്ക് ദീപശിഖ കൈമാറി മേള ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും മേളയുടെ നടത്തിപ്പെന്ന് പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി. പുഗഴേന്തി സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഐ.പി. ബിനു, സംസ്ഥാന പട്ടികവര്‍ഗ ഉപദേശക സമിതിയംഗം ബി.വിദ്യാധരന്‍ കാണി, പട്ടിക വര്‍ഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ആര്‍. പ്രസന്നന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മേളയുടെ ഭാഗ്യചിഹ്നമായ മീട്ടു എന്ന മലയണ്ണാന്‍ പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി.

    അറുനൂറോളം പട്ടിക വര്‍ഗ കായിക താരങ്ങള്‍ മാറ്റുരയ്ക്കുന്ന മേള ഇന്ന് (21) സമാപിക്കും. വൈകിട്ട് അഞ്ചിന് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം പട്ടികജാതി- പട്ടിക വര്‍ഗ പിന്നാക്ക സമുദായ ക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും.

പി.എന്‍.എക്‌സ്.4924/17

date