Skip to main content

രോഗമറിയാം ചികിത്സിക്കാം നൂല്‍പ്പുഴയില്‍ ഇനി ഇ ഹെല്‍ത്ത് സംവിധാനം

 

ആദിവാസി മേഖലയായ നൂല്‍പ്പുഴയിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍  ഇനി ഇ ഹെല്‍ത്ത് സംവിധാനത്തിലൂടെയുള്ള ചികിത്സയും നടപ്പാകുന്നു. പിന്നാക്ക മേഖലയില്‍ ടെലി മെഡിസിന്‍ യൂണിറ്റും കൂടി വരുന്നതോടെ ജില്ലയിലെ ആരോഗ്യമേഖലയില്‍ നൂല്‍പ്പുഴ ഒരു പ്രതീക്ഷയാവും. പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു കുടുംബാരോഗ്യ കേന്ദ്രത്തില്‍  ഇ ഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തുന്നത്. നൂല്‍പ്പുഴ പഞ്ചായത്ത് 1.38 ലക്ഷം രൂപയാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റാനായി ഇതിനകം  ചെലവഴിച്ചത്. 15 ലക്ഷം രൂപയാണ് ഇ ഹെല്‍ത്ത് ഹാര്‍ഡ് വെയര്‍ സംവിധാനം ഒരുക്കുന്നതിനായി ചെലവഴിച്ചത്. കേന്ദ്രത്തിലെത്തുന്ന രോഗികള്‍ക്ക് ഒ.പി.ടിക്കറ്റിനൊപ്പം യൂണീക് ഹെല്‍ത്ത് കാര്‍ഡും നല്‍കും. രോഗിയെ സംബന്ധിച്ച മുഴവന്‍ ഹെല്‍ത്ത് ഡാറ്റകളും രേഖപ്പെടുത്തുന്നതോടെ തുടര്‍ ചികിത്സകളെല്ലാം ഇതുവഴി എളുപ്പമാകും. വിദഗ്ധ ചികിത്സ സാധാരണക്കാര്‍ക്കും ലഭ്യമാക്കാന്‍ ടെലിമെഡിസിന്‍ സംവിധാനം കൂടി ഇവിടെ നിലവില്‍ വരും. ഓണ്‍ലൈനായി വിദൂരത്തുള്ള ഡോക്ടര്‍മാരുമായി ആശയം വിനിമയം നടത്തി രോഗികളെ ചികിത്സിക്കാന്‍ ഇതോടെ കഴിയുന്നു. ലബോറട്ടറി മോഡ്യുലാര്‍ ഫര്‍ണ്ണീച്ചര്‍, ഹെമറ്റോളജി അനലൈസര്‍, ഫ്‌ളൂറന്‍സ് മൈക്രോ സ്‌കോപ്പ്, യൂറിന്‍ അനലൈസര്‍, എച്ച്.ബി.എ വണ്‍ സി തുടങ്ങിയ പകരണങ്ങള്‍ ഇവിടെ ലാബില്‍ സജ്ജമാക്കിയിട്ടുണ്ട്. ആദിവാസി ഗര്‍ഭിണികള്‍ക്കായി പ്രതീക്ഷ എന്ന പേരിലുള്ള ഗര്‍ഭകാല പരിചരണ കേന്ദ്രവും ഇവിടെ പ്രവര്‍ത്തനം തുടങ്ങി. ആധുനിക വാര്‍ഡുകളും, പുന്തോട്ടവും , ശിശുസൗഹൃദ വാക്‌സിനേഷന്‍ മുറികളും ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ ശീതീകരിച്ച  പ്രസവമുറിയും വാര്‍ഡുകളും ഹെല്‍ത്ത് ക്ലബ്ബുകളും ഇവിടെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.പി.ദാഹര്‍ മുഹമ്മദ് പറഞ്ഞു. നിര്‍മ്മിതി കേന്ദ്രയാണ് ആസ്പത്രി നവീകരണ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തിയത്.

date