ജില്ലാ ആശുപത്രിയെ ഹൃദയ ശസ്ത്രകിയ നടത്താവും വിധം വികസിപ്പിക്കും-ആരോഗ്യ മന്ത്രി
കണ്ണൂര്‍ ജില്ലാ ആശുപത്രിയെ ഹൃദയ ശസ്ത്രകിയ ഉള്‍പ്പെടെ നടത്താവുന്ന വിധം വികസിപ്പിക്കുമെന്ന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ജില്ലാ ആശുപത്രിയിലെ നവീകരിച്ച മോര്‍ച്ചറിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് സമര്‍പ്പിച്ച ജില്ലാ ആശുപത്രി മാസ്റ്റര്‍ പ്ലാനിന് കിഫ്ബിയില്‍നിന്ന് 76 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇനിയും കൂടുതല്‍ തുക ആവശ്യം വരുമ്പോള്‍ അനുവദിക്കും. ഇവിടെ കാത് ലാബിന് ടെന്‍ഡര്‍ ആയിക്കഴിഞ്ഞതായി മന്ത്രി അറിയിച്ചു.
'ആര്‍ദ്രം' പദ്ധതിക്ക് കീഴില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച ആതുരാലയമായി കണ്ണൂര്‍ ജില്ലാ ആശുപത്രിയെ മാറ്റാനുള്ള ടീം സ്പിരിറ്റോടെയുള്ള പ്രവര്‍ത്തനം ഇവിടെയുണ്ട്. മൂന്ന് വര്‍ഷം കൊണ്ട് എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ഹൈടെക് ആശുപത്രിയായി കണ്ണൂര്‍ ജില്ലാ ആശുപത്രിയെ മാറ്റുന്നതിന്റെ ഭാഗമാണ് മോര്‍ച്ചറി നവീകരണം. മരിച്ചവരോട് ആദരവ് കാണിക്കുന്നത് ഏറ്റവും പാവനമായ കര്‍മമാണ്. പഠനാവശ്യങ്ങള്‍ക്കായി ദാനം ചെയ്യപ്പെടുന്ന മൃതദേഹങ്ങള്‍ പഠനാവശ്യം കഴിഞ്ഞ് എല്ലാ ആദരവോടെയും ബഹുമാനത്തൊടെയും സംസ്കരിക്കപ്പെടണം. കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാനിടയാവരുത്. വൃത്തിയും വെടിപ്പുമുള്ള ആധുനിക സൗകര്യങ്ങളുള്ള മോര്‍ച്ചറി ഒരുക്കിയ ജില്ലാ പഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു.
നവീകരിച്ച മോര്‍ച്ചറിയില്‍ പോസ്റ്റ് മോര്‍ട്ടം നവംബര്‍ 25ന് തുടങ്ങുമെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു. മോര്ച്ചറിക്കുമുന്നിലായി ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ ചിത്രങ്ങള്‍ സ്ഥാപിക്കും. മോര്‍ച്ചറിക്കുമുന്നില്‍ പൂന്തോട്ടം നിര്‍മിക്കാന്‍ സ്ഥലം വിട്ടുതന്ന കന്‍േറാണ്‍മെന്റ് ബോര്‍ഡിന് പ്രസിഡന്റ് നന്ദി അറിയിച്ചു. നേരത്തെ മോര്‍ച്ചറിക്കുമുന്നില്‍ മഴ നനയാതെ നില്‍ക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ല. കന്‍േറാണ്‍മെന്റ് വിട്ടുതന്ന സ്ഥലത്താണ് ഇതിന് സൗകര്യമുണ്ടാക്കിയത്. 47 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലാ ആശുപത്രി മോര്‍ച്ചറി നവീകരിച്ചത്. ഒരേ സമയം രണ്ട് പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള സൗകര്യം പുതിയ മോര്ച്ചറിയിലുണ്ടാവും. പൊലീസിന് വേണ്ട ഇന്‍ക്വസ്റ്റ് റൂം, ഓഫീസ് മുറി, ജീവനക്കാര്‍ക്കുള്ള മുറി, വിശ്രമ മുറി എന്നിവയും ഉണ്ട്. മൃതദേഹം ആശുപത്രിയില്‍നിന്ന് മോര്‍ച്ചറിയിലേക്ക് നേരിട്ട് കൊണ്ടുവരാനുള്ള പാതയോടു കൂടിയ ഹാളും നിര്‍മിച്ചിട്ടുണ്ട്. ജില്ലാ നിര്‍മിതി കേന്ദ്രയാണ് നിര്‍മാണം നിര്‍വഹിച്ചത്.
കണ്ണൂര്‍ കോര്പറേഷന് മേയര്‍ ഇ.പി ലത മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.പി ജയബാലന്‍ മാസ്റ്റര്‍, കെ. ശോഭ, കന്‍േറാണ്‍മെന്റ് ബോര്‍ഡ് വൈസ് പ്രസിഡന്റ് കേണല്‍ പത്മനാഭന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായിക്, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി.പി രാജേഷ് എന്നിവര്‍ സംസാരിച്ചു.
പി എന്‍ സി/4412/2017
- Log in to post comments