ലോക കേരള സഭയോടനുബന്ധിച്ച് തലസ്ഥാനത്ത് കാര്ഷികഫല പുഷ്പമേള സംഘടിപ്പിക്കും
ലോക കേരള സഭയോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് 2018 ജനുവരി ഏഴു മുതല്‍ 14 വരെ കനകക്കുന്നിലും നിശാഗന്ധിയിലുമായി കാര്‍ഷിക ഫല പുഷ്പമേള സംഘടിപ്പിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്, കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ജനുവരി 12, 13 തീയതികളിലാണ് ലോക കേരള സഭ നടക്കുന്നത്.
പുഷ്പമേള, ജൈവകൃഷി ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള, ഔഷധ സസ്യങ്ങളുടെയും മറ്റ് അപൂര്‍വ സസ്യങ്ങളുടെയും ചെടികളുടെയും പ്രദര്‍ശനം, ജൈവവൈവിദ്ധ്യമേള, ആദിവാസി ജീവിതരീതികളുടെ നേര്‍ക്കാഴ്ച, ഭക്ഷ്യമേള, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. സീസണില്‍ എത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ടൂറിസം മേളയായി ഇതിനെ മാറ്റും.
കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ കേരളം കൈവരിച്ച നേട്ടത്തിന്റെ വിവിധ തലങ്ങള്‍ മേള പ്രതിഫലിപ്പിക്കും. ടൂറിസം വകുപ്പാണ് മേളയുടെ നോഡല്‍ ഏജന്‍സി. മേളയുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. കൃഷി, ടൂറിസം വകുപ്പുകള്‍ക്ക് പുറമെ വനം വകുപ്പ്, വനം ഗവേഷണ വികസന കോര്പറേഷന്, ആയുഷ്, ടി. ബി. ജി. ആര്. ഐ, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കെ. ടി. ഡി. സി, കെ. ടി. ഐ. എല്‍, ജൈവവൈവിദ്ധ്യ ബോര്‍ഡ്, ഹാന്റിക്രാഫ്റ്റ് ഡെവലപ്മെന്റ് കോര്പറേഷന്, ഫിഷറീസ്, തിരുവനന്തപുരം കോര്പറേഷന്, ജില്ലാ ഭരണകൂടം, ശുചിത്വമിഷന്, ഹരിതകേരളം മിഷന്, മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്, സര്‍വകലാശാലകള്‍ എന്നിവര്‍ മേളയില്‍ പങ്കെടുക്കും.
പി.എന്‍.എക്സ്.4961/17
- Log in to post comments