തൊഴിലുറപ്പ് പദ്ധതി : ജലസംരക്ഷണ വരള്‍ച്ച പ്രതിരോധ പ്രവൃത്തികള്‍ക്ക് മുന്‍തൂക്കം നല്‍കണം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജലസംരക്ഷണ വരള്‍ച്ച പ്രതിരോധ പ്രവൃത്തികളും സ്ഥായിയായ ആസ്തികള്‍ സൃഷ്ടിക്കുന്ന പ്രവൃത്തികളും ഏറ്റെടുക്കാന്‍ സംസ്ഥാന തൊഴിലുറപ്പ് കൗണ്‍സിലിന്റെ നിര്‍ദ്ദേശം. സംസ്ഥാന തൊഴിലുറപ്പ് കൗണ്‍സിലിന്റേയും ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ പറക്കോട് ബ്ലോക്കില്‍ നടത്തിയ പദ്ധതിയുടെ സംസ്ഥാനതല അവലോകനയോഗത്തിലാണ് നിര്‍ദ്ദേശമുണ്ടായത്. ആസ്തികള്‍ക്കൊപ്പം തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 100 ദിനവും തൊഴില്‍ ലഭിക്കുന്ന തരത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ പദ്ധതികള്‍ ഏറ്റെടുക്കണം. കനാല്‍, ജലവിതരണ ചാലുകളുടെ നിര്‍മ്മാണം, ആറുകളുടെയും ജലാശയങ്ങളുടെയും സംരക്ഷണം എന്നിവ പ്രാദേശിക സാധ്യതയനുസരിച്ച് ഏറ്റെടുക്കണമെന്ന് കൗണ്‍സില്‍ അംഗം എസ്. രാജേന്ദ്രന് പറഞ്ഞു.
അഞ്ച് ഏക്കര്‍ വരെ ഭൂമിയുളള ചെറുകിട നാമമാത്ര സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും ഇടപെടാന്‍ കഴിയുന്ന തരത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ഇതിനായി 40 തരത്തിലുളള പ്രവൃത്തികളുടെ പട്ടികയുളളതായി യോഗത്തില്‍ പറഞ്ഞു. കൃഷി ആവശ്യത്തിന് കുളം കുഴിക്കല്‍, കിണര്‍ നിര്‍മ്മാണം, കല്ല് തടയണകള്‍, ജലപരിപോഷണ കുഴികള്‍, ശുചിമുറികളുടെ കുഴി നിര്‍മ്മാണം, ജലനിര്ഗമനചാലുകള്, കോണ്ടൂര് ബണ്ട് നിര്‍മ്മാണം, ഭൂമി നിരപ്പാക്കല്‍ തുടങ്ങി നിരവധി ഭൂവികസന പ്രവര്‍ത്തനങ്ങളും സ്വകാര്യഭൂമിയില്‍ ഏറ്റെടുക്കണമെന്ന് പഞ്ചായത്തുകളോട് നിര്‍ദ്ദേശിച്ചു. 2018-19 വര്‍ഷത്തെ ലേബര്‍ ബജറ്റും, പ്രവൃത്തികളുടെ പട്ടികയും തയ്യാറാക്കുമ്പോള്‍ ഒരു വര്‍ഷം നൂറുദിനവും തൊഴില്‍ ലഭിക്കുന്നുവെന്നും ഉറപ്പാക്കണം. ഒരു പഞ്ചായത്തില്‍ ആവശ്യമുളളതിന്റെ ഇരട്ടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രോജക്ടുകളുടെ പട്ടിക തയ്യാറാക്കുന്നതിനും നിര്‍ദ്ദേശിച്ചു.
പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍, ബി.പി.എല്‍ കുടുംബങ്ങള്‍, പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താക്കള്‍, ചെറുകിട നാമമാത്രകര്‍ഷകര്‍ എന്നിവരുടെ ഭൂമിയില്‍ കൂടുതലായി തൊഴിലുറപ്പ് പ്രവൃത്തികള്‍ ഏറ്റെടുക്കണം. അയല്‍ക്കൂട്ടങ്ങള്‍ക്ക് വര്‍ക്ക് ഷെഡുകള്‍, സ്കൂളുകളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുളള ഷെഡ്, കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് കള്‍ക്കുളള കെട്ടിട നിര്‍മ്മാണം, ദുരന്തനിവാരണ ഷെല്‍റ്ററുകള്‍, പരമ്പരാഗത രീതിയിലുളള ശ്മശാന നിര്‍മ്മാണം, ഗ്രാമീണ ചന്തകള്‍, പഞ്ചായത്ത് കെട്ടിടങ്ങളും അവയുടെ വിപുലപ്പെടുത്തലും, അങ്കണവാടികള്‍ക്കും സ്കൂളുകള്‍ക്കും ശുചിമുറികള്‍, വിവിധതരം റോഡുകള്‍ എന്നിവയെല്ലാം പദ്ധതിയില്‍ ഏറ്റെടുക്കണം. മല്‍ത്സ്യം ഉണക്കുന്ന ഷെഡുകള്‍, കളിസ്ഥലങ്ങളുടെ നിര്‍മ്മാണം , സര്‍ക്കാര്‍ സ്കൂ ളുകള്‍ക്ക് ചുറ്റുമതില്‍, മാലിന്യസംസ്കരണത്തിന്റെ ഭാഗമായുളള നടേപ്പ്, മണ്ണിര കംപോസ്റ്റുകള്ക്കുളള അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയൊക്കെ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കാമെന്ന് സംസ്ഥാന മിഷന് അധികൃതര്‍ അറിയിച്ചു. പ്രകൃതിവിഭവ പരിപാലന പ്രവൃത്തികള്‍ ഉള്‍പ്പെടെ എല്ലാ പ്രവൃത്തികള്‍ക്കും ഗുണനിലവാരം ഉണ്ടെന്ന് ഉറപ്പുവരുത്തണം. മാര്‍ഗ്ഗരേഖയനുസരിച്ച് മാത്രമേ പ്രവൃത്തികള്‍ ഏറ്റെടുക്കാവൂ എന്നും സംസ്ഥാന ജോയിന്റ് ഡവലപ്പ്മെന്റ് കമ്മീഷണര്‍ ബി. സജിത് പറഞ്ഞു.
(പിഎന്‍പി 3126/17)
- Log in to post comments