അടുത്തവര്‍ഷം ടെലിവിഷന്‍ അവാര്‍ഡ് തുക വര്‍ധിപ്പിക്കും -മന്ത്രി എ.കെ. ബാലന് 2016ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു
അടുത്തവര്‍ഷം മുതല്‍ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് തുക എല്ലാവിഭാഗങ്ങളിലും ആനുപാതികമായി വര്‍ധിപ്പിക്കുമെന്ന് സാംസ്കാരികവകുപ്പ് മന്ത്രി എ.കെ. ബാലന് അറിയിച്ചു. 2016ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ ടാഗോര്‍ തീയറ്ററില്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളും ദൃശ്യമാധ്യമങ്ങളുടെ സ്വാധീനത്തിലാണ്. വാര്‍ത്താവിനിമയ മേഖലയിലും കലാസ്വാദന രംഗത്തും ടെലിവിഷന്‍ വന്‍ കുതിച്ചുചാട്ടമാണ് നടത്തിയത്. സര്‍ഗാത്മക ദൃശ്യാവിഷ്കരണം വഴി ആസ്വാദകമനസുകളില് സ്ഥായിയായ പരിവര്‍ത്തനം നടത്താനും സാംസ്കാരിക അഭിവൃദ്ധിയുണ്ടാക്കാനും ടെലിവിഷന്‍ ചാനലുകള്‍ക്ക് സാധിക്കും.
വിദ്യാഭ്യാസരംഗത്ത് ടെലിവിഷന്‍ ചാനലുകള്‍ക്ക് വളരെയേറെ കാര്യങ്ങള്‍ ചെയ്യാനാകുമെങ്കിലും അത്തരം ഫലപ്രദമായ ഇടപെടലുകള്‍ കുറവാണ്. പാഠപുസ്തക രംഗത്തെ വിരസമായ വിവരങ്ങള്‍ ദൃശ്യരൂപത്തില്‍ അവതരിപ്പിച്ച് പഠനം കാര്യക്ഷമമാക്കാന്‍ സാധ്യതയേറെയാണ്.
മാധ്യമസ്വാതന്ത്ര്യം ഏറ്റവുമധികം നിലനില്‍ക്കുന്ന സംസ്ഥാനമെന്ന നിലയില്‍ സ്വയംവിമര്‍ശനത്തിന് മാധ്യമങ്ങള്‍ തയാറാകണം. ന്യൂസ് റൂമുകള്‍ ഏകപക്ഷീയമാകരുത്. വാര്‍ത്താ ആഭിമുഖ്യമുള്ളവരെ ടെലിവിഷനുമുന്നില്‍ തളച്ചിടാനുള്ള തന്ത്രങ്ങളും ചാനലുകള്‍ നടത്തുന്നുണ്ട്.
ചലച്ചിത്രമേഖലയിലും സാഹിത്യമേഖലയിലും നവജീവന്‍ പകരുന്ന സമീപനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കുള്ള സ്ഥിരം വേദി നിര്‍മാണം അടുത്ത ഏപ്രിലോടെ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. രചനാ, കഥേതര, കഥാ വിഭാഗം അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു. ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ടി.വി അവാര്‍ഡ് ബുക്ക് പ്രകാശനം ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറിന് നല്കി എം.എല്‍.എ നിര്‍വഹിച്ചു.
ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ ആമുഖഭാഷണം നടത്തി. ജൂറി അധ്യക്ഷന്മാരായ ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. ബി. ഇഖ്ബാല്‍, എ.കെ. സാജന് എന്നിവര്‍ യഥാക്രമം രചനാ, കഥേതര, കഥാ വിഭാഗം ജൂറി റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ജൂറി അംഗം കഴക്കൂട്ടം പ്രേംകുമാര്‍ സംബന്ധിച്ചു. സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു നന്ദിയും പറഞ്ഞു. അവാര്‍ഡ്വിതരണത്തിനുശേഷം ചെമ്പരത്തി ക്രിയേഷന്‍സ് അവതരിപ്പിച്ച 'പാട്ടുകെട്ട്' അരങ്ങേറി.
പി.എന്‍.എക്സ്.4977/17
- Log in to post comments