Skip to main content

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ്: 118 കേസുകള്‍ പരിഗണിച്ചു

 സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസിന്റെ നേതൃത്വത്തില്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗില്‍ 118 കേസുകള്‍ പരിഗണിച്ചു. ഇവയില്‍ 50 എണ്ണത്തില്‍ തീര്‍പ്പായി. ബാക്കിയുള്ളവ ജനുവരി 15ന് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കുന്നതിനായി മാറ്റിവച്ചു.
    മെഡിക്കല്‍ വിദ്യാര്‍ഥി ഷംന തസ്‌നീം ചികില്‍സയ്ക്കിടെ മരണപ്പെട്ടതുമായി ബന്ധപ്പെട്ട  കേസ് കമ്മീഷന്‍ ഇത്തവണ പരിഗണിച്ചില്ല. ഡോക്ടര്‍മാര്‍ നല്‍കിയ ഹരജിയില്‍ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ അന്വേഷണങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി  ഉത്തരവിട്ട പശ്ചാത്തലത്തിലാണിത്.  
    അത്തോളി മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത്് അജ്ഞാത ജഡങ്ങള്‍ ഒരുമിച്ച് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ സംഭവം ശരിയാണെന്ന് പോലിസിന്റെ റിപ്പോര്‍ട്ട് ലഭിച്ചതായി കമ്മീഷന്‍ അറിയിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിച്ച ശേഷം കുഴിച്ചുമൂടിയവയായിരുന്നു മൃതദേഹങ്ങള്‍. സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളേജിലെ സാഹചര്യങ്ങളെക്കുറിച്ചും സംസ്‌ക്കരണ രീതികളെക്കുറിച്ചും സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയരക്ടര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. 
പി എന്‍ സി/4427/2017
 

date