Skip to main content

എം ആര്‍ വാക്‌സിന്‍ ജില്ലയില്‍ 90 ശതമാനം: സമ്പൂര്‍ണമാക്കാന്‍ കൈകോര്‍ക്കണമെന്ന് സബ്കളക്ടര്‍

    ക്യാമ്പയിന്‍ അവസാനിക്കാന്‍ രണ്ട് നാള്‍ ബാക്കി നില്‍ക്കെ ജില്ലയില്‍ ഒന്‍പത് മാസത്തിനും 15 വയസ്സിനുമിടയിലുള്ള 90 ശതമാനം കുട്ടികള്‍ക്കും എം ആര്‍ വാക്‌സിനേഷന്‍ നല്‍കാന്‍ കഴിഞ്ഞതായി സബ്കളക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍ അറിയിച്ചു.   ക്യാമ്പയിന്‍ അവസാനിക്കുന്ന നവംബര്‍ 25നകം ഈ ഗ്രൂപ്പില്‍ പെടുന്ന മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അതിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹായ സഹകരണങ്ങള്‍ അത്യന്താപേക്ഷിതമാണെന്നും അവര്‍ പറഞ്ഞു. സബ്കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന വാക്‌സിനേഷന്‍ കര്‍മ്മസേനയുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 
    ജില്ലയില്‍ 9 മാസത്തിനും 15 വയസ്സിനുമിടയിലുള്ള 6.3 ലക്ഷം കുട്ടികളില്‍ 5.7 ലക്ഷത്തിനും വാക്‌സിനേഷന്‍ നല്‍കി കഴിഞ്ഞു. ചില പ്രത്യേക മതവിഭാഗങ്ങളില്‍ പെടുന്നവരുടെ ഇടയില്‍ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ മനപ്പൂര്‍വം പ്രചരിപ്പിക്കുന്നതാണ് വളരെ ചെറിയൊരു വിഭാഗത്തെ ഇതിന്റെ ഗുണഫലങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്. മതമേലധ്യക്ഷന്‍മാര്‍ ഇക്കാര്യം ഗൗരവമായി കാണണമെന്നും സാമൂഹ്യസാസ്‌കാരിക സംഘടനകളും വ്യക്തികളും മതമേലധ്യക്ഷന്‍മാരും വാക്‌സിനേഷന്‍ സമ്പൂര്‍ണമാക്കാന്‍ കര്‍മസേനയ്‌ക്കൊപ്പം അണിചേരണമെന്നും സബ്കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
      കുഞ്ഞുങ്ങള്‍ക്ക് രോഗരഹിതവും ആരോഗ്യപരവുമായ കുട്ടിക്കാലം നല്‍കുകയെന്നത് മാതാപിതാക്കളുടെ കടമയാണ്. ആരോഗ്യപരമായ പല ഭീഷണികളും നിലനില്‍ക്കുന്ന ഇക്കാലത്ത് പ്രതിരോധ മരുന്നുകള്‍ നിഷേധിക്കുന്നത് സ്വന്തം . കുഞ്ഞുങ്ങളോട് മാത്രമല്ല സമൂഹത്തോട് തന്നെയുള്ള അനീതിയാണെന്ന് രക്ഷിതാക്കള്‍ തിരിച്ചറിയണം. ഇത്തരം വ്യാജപ്രചരണങ്ങളില്‍  വീണുപോകരുത്. അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

     ഇതിനോടകം നൂറുശതമാനം വാക്‌സിനേഷന്‍ കൈവരിച്ച സ്‌കൂളുകള്‍ ജില്ലാ കളക്ടര്‍ ഡോ കെ വാസുകിയും സബ്കളക്ടര്‍ ഡോ ദിവ്യ എസ് അയ്യരും സന്ദര്‍ശിച്ച് സമ്മാനങ്ങളും അനുമോദനങ്ങളും കൈമാറി വരുകയാണ്. വാക്‌സിനേഷനെതിരെ പ്രതിരോധം നിലനില്‍ക്കുന്ന സ്ഥലങ്ങളും സ്‌കൂളുകളും നേരിട്ട് സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദീകരിക്കുന്നതിന്റെ തിരക്കിലാണ് ഡോക്ടര്‍മാര്‍ കൂടിയായ ഇരുവരും. 
(പി.ആര്‍.പി 1918/2017)
 

date