നാട്ടാന പരിപാലന ചട്ടം ആന എഴുന്നള്ളിപ്പ് : ജില്ലാതല നിരീക്ഷണ സമിതിയുടെ അനുവാദം വേണം - ജില്ലാ കലക്റ്റര്‍
ഉത്സവാഘോഷങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കാന്‍ ജില്ലാതല നിരീക്ഷണ സമിതിയുടെ അനുവാദം ഉറപ്പാക്കണമെന്ന് ജില്ലാ കലക്റ്റര്‍ ഡോ: പി. സുരേഷ് ബാബു പറഞ്ഞു. കലക്റ്ററേറ്റില്‍ ചേര്‍ന്ന നാട്ടാന പരിപാലന ചട്ടം ജില്ലാതല നിരീക്ഷണ സമിതി യോഗത്തിലാണ് ജില്ലാ കലക്റ്റര്‍ ഇക്കാര്യം അറിയിച്ചത്. ആഘോഷങ്ങള്‍ക്ക് ഒരു മാസം മുമ്പുതന്നെ ആനകളെ എഴുന്നള്ളിക്കാനുള്ള അപേക്ഷ സമിതിക്ക് നല്‍കണം. ആനകളുടെ എണ്ണം, പേര്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയില്‍ രേഖപ്പെടുത്തണം. പൊലീസ്-ഫയര്‍ഫോഴ്സ്-വനംവകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന നിരീക്ഷണസമിതി അപേക്ഷ പരിശോധിച്ച് അനുമതി നല്‍കും. ആനകളെ എഴുന്നള്ളിക്കാനുള്ള സ്ഥല സൗകര്യങ്ങള്‍ക്കനുസരിച്ചായിരിക്കും അനുമതി. എഴുന്നള്ളിപ്പിന് മുമ്പ് ആനകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടായാല്‍ പോലും എഴുന്നള്ളിപ്പിന് അനുമതി നല്‍കില്ല. ജില്ലാതല നിരീക്ഷണ സമിതി എല്ലാമാസവും ആദ്യ ആഴ്ച്ച യോഗം ചേര്‍ന്ന് നടപടികള്‍ വിലയിരുത്തും.
കല്‍പ്പാത്തി രഥോത്സവത്തിന് നാട്ടാന പരിപാലന ചട്ടങ്ങള്‍ ലംഘിച്ച് ആനകളെക്കൊണ്ട് തേര് വലിപ്പിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. മുന്‍ വര്‍ഷം ഉത്സവങ്ങള്‍ക്ക് ഉപയോഗിച്ച ആനകളെക്കാള്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കില്ല. എഴുന്നള്ളിക്കുമ്പോള്‍ ആനകള്‍ തമ്മിലുള്ള അകലം മൂന്ന് മീറ്ററാണെന്ന് ഉറപ്പാക്കണം. പാപ്പാന്മാര് മദ്യപിച്ചിട്ടുണ്ടോയെന്ന് പൊലീസ് ബ്രീത്ത് അനലൈസര്‍ വഴി പരിശോധിക്കണം. ഉത്സവങ്ങള്‍ക്ക് എലിഫന്റ് സ്ക്വാഡിന്റെ സേവനം അനിവാര്യമാണ്. ജില്ലയില്‍ എലിഫന്റ് സ്ക്വാഡിനെ അനുവദിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. ആചാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമൊപ്പം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമെന്നും വരാനിരിക്കുന്ന ഉത്സവാഘോഷ കാലം നല്ലരീതിയില്‍ നടത്താന്‍ എല്ലാവരുടേയും സഹകരണം വേണമെന്നും ജില്ലാ കലക്റ്റര്‍ പറഞ്ഞു.
സോഷല്‍ ഫോറസ്ട്രി ഡി.സി.എഫ്. കെ. പ്രേംകുമാര്‍, ഡി.വൈ.എസ്.പി. കെ.എം. സൈതാലി, ഉത്സവാഘോഷ കമ്മിറ്റി പ്രതിനിധി സി.ബാലഗോപാല്‍, ആന ഉടമസ്ഥ സംഘം പ്രതിനിധി എം.എ. പരമേശ്വരന്, വനം-മൃഗസംരക്ഷണ-ഫയര്‍ ഫോഴ്സ് വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
- Log in to post comments