ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് : ആവാസ് ആനുകൂല്യം ജനുവരി മുതല്‍ നല്‍കും
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന ' ആവാസ്' ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ ജനുവരി മുതല്‍ നല്‍കും. പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്ട്രേഷന് ത്വരിതപ്പെടുത്തുന്നതിന് ജില്ലാ കലക്ടര്‍ ഡോ: പി.സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട സമുച്ചയം ' അപ്നാഘര്‍' ജനുവരിയില്‍ തുറന്ന് കൊടുക്കുന്നതിന് മുന്‍പ് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളൊരുക്കും . പട്ടാമ്പി മേഖലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടുകളില്‍ ആവശ്യമായ ആരോഗ്യ-ശുചീകരണ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്താനും തീരുമാനിച്ചു.
തൊഴിലാളികള്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തൊഴിലുടമകളുടെ സഹകരണം ഉറപ്പാക്കുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ പി.രാമകൃഷ്ണന് അറിയിച്ചു.
ഇന്‍ഷൂറന്‍സ് പദ്ധതി ആനുകൂല്യങ്ങള്‍
* പ്രതിവര്‍ഷം 15,000 രൂപയുടെ സൗജന്യ ചികിത്സ.
* അപകടമരണത്തിന് രണ്ട് ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സ് പരിരക്ഷ.
* അംഗങ്ങള്‍ക്ക് ബയോമെട്രിക് കാര്‍ഡ് മുഖേനെ പണരഹിതമായി ആശുപത്രി സേവനങ്ങള്‍ ലഭിക്കും.
* 18നും 60നും വയസ്സിനിടയിലുള്ളവര്‍ക്ക് അംഗമാവാം.
* കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആവാസ് പദ്ധതിയില്‍ എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലും ആനുകൂല്യം ലഭിക്കും.
* ആധാര്‍ , പാസ്പോര്‍ട്ട്, ഇലക്ഷന് ഐ.ഡി, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തിലാണ് രജിസ്ട്രേഷന് നടത്തുക. ഇതിനായി ദ്വിഭാഷികളുടെ സേവനവുമുണ്ട്. സംശയാസ്പദമായ കേസുകളിലും രാത്രികാലങ്ങളില്‍ തൊഴിലാളികള്‍ ജോലി കഴിഞ്ഞെത്തുന്ന സമയത്തും രജിസ്ട്രേഷന് നടത്തുമ്പോള്‍ പൊലീസിന്റെ സഹായം ഉറപ്പാക്കാനും തീരുമാനിച്ചു.
കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഫാക്റ്ററീസ് ആന്‍ഡ് ബോയിലേസ് , പഞ്ചായത്ത്, പൊലീസ് വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു.
ഇതര സംസ്ഥാനത്ത് നിന്ന് കുട്ടികള്‍ പഠനം മുടക്കി തൊഴിലെടുക്കാന്‍ കേരളത്തിലെത്തുന്ന പ്രവണത പ്രോത്സാഹിപ്പിക്കരുതെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. രജിസ്ട്രേഷന് സമയത്ത് രേഖകള്‍ കൃത്യമായി പരിശോധിക്കും. 18 വയസ്സിന് താഴെയുള്ള കുട്ടികളെ യാതൊരു കാരണവശാലും പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ല. ഫാക്റ്ററീസ് ആക്റ്റ് പ്രകാരം 15 വയസിന് മുകളിലുള്ള കുട്ടികളെ ആയാസരഹിതമായ ജോലികള്‍ക്ക് നിയോഗിക്കാമെന്ന നിയമം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കും.
- Log in to post comments