മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം മക്കള്‍ക്കൊപ്പം സര്‍ക്കാരുകളുടെയും ബാധ്യത: വി.എസ്
മുതിര്‍ന്ന പൗരന്‍മാര്‍ അവരുടെ യൗവനകാലവും കര്‍മ്മകാണ്ഡവും നമ്മുടെ സാമൂഹ്യജീവിതം മെച്ചപ്പെടുത്താന്‍ ചെലവഴിച്ചതിനാല്‍ അവരെ സംരക്ഷിക്കുന്നതിനും സ്വച്ഛസുന്ദരമായ ജീവിതം ഉറപ്പാക്കുന്നതിനും മക്കള്‍ക്കെന്നപോലെ ബാധ്യത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കുമുണ്ടെന്ന് ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാന്ദന്‍ അഭിപ്രായപ്പെട്ടു.
പനവൂര്‍ ഗ്രാമപഞ്ചായത്തിന്റെ വയോസൗഹൃദ ഗ്രാമം പദ്ധതിയുടെ വയോജനസംഗമം പനവൂര്‍ എച്ച് ഐ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയോജനങ്ങള്‍ക്കായി പനവൂര്‍ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന ഈ പദ്ധതി ഏറെ ശ്ലാഘനീയമാണെന്നും സംസ്ഥാനത്തെ എല്ലാ ത്രിതല പഞ്ചായത്തുകളും ഇത്തരത്തിലുള്ള പദ്ധതികള്‍ ഏറ്റെടുത്തു നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി എല്ലാ വാര്‍ഡുകളിലും വയോജന ക്‌ളബുകള്‍ രൂപീകരിച്ച് വയോജനസഭകള്‍ നടത്തിവരുന്നതായി പനവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എസ്.വി കിഷോര്‍ പറഞ്ഞു.
വയോജനങ്ങളുടെ നിയമ ആരോഗ്യ മാനസിക പരിരക്ഷ ഉറപ്പുവരുത്തുകയാണ് 14.4 ലക്ഷം രൂപ ചെലവില്‍ നടപ്പാക്കുന്ന പദ്ധതി ലക്ഷ്യം. ഇതിന്റ ഭാഗമായി വിനോദ യാത്രകളടക്കമുള്ള വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു.
അഡ്വ. ഡി.കെ മുരളി എം.എല്‍.എ അദ്ധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. ഉഷാകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. മിനി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രീത പി.പി, മെഡിക്കല്‍ ഓഫീസര്‍ പ്രീത എസ്.ആര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി 1928/2017)
- Log in to post comments