പാപ്പിനിശ്ശേരി ഖാദി ബോര്‍ഡ് കേന്ദ്രത്തില്‍ വിഷരഹിത പച്ചക്കറി കൃഷിക്ക് തുടക്കമായി
പാപ്പിനിശ്ശേരി ഖാദി കേന്ദ്രത്തില്‍ വിഷരഹിത പച്ചക്കറി കൃഷിക്ക് തുടക്കമായി. ഹാജിറോഡിലെ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള പാപ്പിനിശ്ശേരി കൈക്കടലാസ് നിര്‍മാണ കേന്ദ്രത്തിനോടനുബന്ധിച്ചുള്ള 1.25 ഏക്കര്‍ സ്ഥലത്ത് കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ്, പന്നിയൂര്‍ കൃഷി വിജ്ഞാന് കേന്ദ്രം എന്നിവയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പച്ചക്കറിത്തൈ നട്ടുകൊണ്ട് നിര്‍വഹിച്ചു.
ഖാദിബോര്‍ഡിന്റെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെടുത്തി വിഷരഹിത പച്ചക്കറി കൃഷി ചെയ്യാനുള്ള തീരുമാനം മാതൃകാപരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന് ആവശ്യമായ പച്ചക്കറികള്‍ ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിലൂടെ കൂടുതല്‍ സ്ഥലങ്ങളില്‍ പച്ചക്കറി കൃഷി ആരംഭിക്കാന്‍ നമുക്ക് സാധിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഷമയമായ പച്ചക്കറികള്‍ നമ്മുടെ ആരോഗ്യത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. പരമാവധി സ്ഥലത്ത് വിഷരഹിത പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ മാത്രമേ ഈ ഭീഷണി ചെറുക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. എല്ലാ വീട്ടിലും ചെറിയ തോതിലാണെങ്കിലും കൃഷി ചെയ്തുവന്ന നാടായിരുന്നു നമ്മുടേത്. ആ പഴയ കാര്‍ഷിക സംസ്ക്കാരത്തിലേക്കുള്ള തിരിച്ചുപോക്ക് അനിവാര്യമായി വന്നിരിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
തികച്ചും ജൈവകൃഷി രീതികള്‍ അവലംബിച്ച് വിഷരഹിതമായ പച്ചക്കറിയാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുക. നാടന്‍ പച്ചക്കറി ഇനങ്ങളായ ചീര. വെണ്ട, പാവല്‍, പയര്‍, വഴുതനങ്ങ, പച്ചമുളക് തുടങ്ങിയ ഇനങ്ങള്‍ ജൈവ വളം ഉപയോഗിച്ച് കൃഷി ചെയ്യാനാണ് പദ്ധതി.
ചടങ്ങില്‍ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ നാരായണന് അധ്യക്ഷത വഹിച്ചു. കാര്‍ഷിക വികസന- കര്‍ഷകക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ വി.കെ ലളിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം പി.പി ഷാജിര്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി ലീല, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ കെ ഉത്തമന്, മെംബര്‍ സി ഷാഫി, ഖാദി ബോര്‍ഡ് അംഗം കെ ധനഞ്ജയന്, ജി ഹരികുമാര മേനോന്, ഡോ. പി ജയരാജ്, യു പ്രസന്നന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഖാദി ബോര്‍ഡ് സെക്രട്ടറി ടി.വി കൃഷ്ണകുമാര്‍ സ്വാഗതവും ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ടര്‍ ഓഫീസര്‍ കെ.എസ് ഉണ്ണികൃഷ്ണന് നായര്‍ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് നടന്ന കാര്‍ഷിക സെമിനാറില്‍ പന്നിയൂര്‍ കൃഷി വിജ്ഞാന് കേന്ദ്രം തലവന്‍ ഡോ. പി ജയരാജ് വിഷയമവതരിപ്പിച്ചു.
പി എന്‍ സി/4461/2017
- Log in to post comments