Skip to main content
 ദേലംപാടിയില്‍ പളളത്തൂര്‍ പുതിയ പാലത്തിന്റെ ശിലാസ്ഥാപനം പൊതുമരാമത്ത് വകുപ്പ് മന്ത്രി  ജി.സുധാകരന്‍ നിര്‍വഹിക്കുന്നു.

അഞ്ച് ലക്ഷം കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും: മന്ത്രി ജി.സുധാകരന്‍

സംസ്ഥാനസര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്താകെ  അഞ്ച് ലക്ഷം കോടി രൂപയുടെ  വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുക അനുവദിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി  ജി.സുധാകരന്‍ പറഞ്ഞു.  18 മാസത്തിനിടെ  അവതരിപ്പിച്ച  രണ്ടു ബജറ്റുകളിലായി  അനുവദിക്കപ്പെട്ട 75,000 കോടി രൂപയുടെ  വികസനപ്രവര്‍ത്തനങ്ങളാണ്  ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും പൊതുമരാമത്ത് വകുപ്പുമാത്രം 25,000 കോടിയുടെ നിര്‍മ്മാണ   പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി  പറഞ്ഞു.
    കാസര്‍കോട് ദേലംപാടിയില്‍ പളളത്തൂര്‍ പാലത്തിന്റെയും പളളത്തൂര്‍-അഡൂര്‍-പാണ്ടി റോഡിന്റെയും പ്രവൃത്തി  ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  
    അടിസ്ഥാന സൗകര്യ വികസന പദ്ധതി വഴി പൊതുഖജനാവില്‍ നിന്നും പണമെടുക്കാതെ മറ്റ് ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്താണ്  വന്‍കിടവികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട്  കണ്ടെത്തുന്നത്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ  സമഗ്രമായ വികസനമാണ് സര്‍ക്കാറിന്റെ  ലക്ഷ്യം. ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാ വിഭാഗം  ജനങ്ങളിലേക്കും എത്തിക്കും. ഭരണസിരാകേന്ദ്രങ്ങളില്‍ നിന്ന് ഏറ്റവും  ദൂരെയുളള സ്ഥലങ്ങളിലും  സര്‍ക്കാരിന്  ശ്രദ്ധയുണ്ട്. അതിന്റെ തെളിവാണ് ഭരണസിരാകേന്ദ്രത്തില്‍ നിന്നും 600 കിലോമീറ്ററിലധിം ദൂരമുള്ള കാസര്‍കോടിന്റെ വിവിധ പ്രദേശങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വികസനത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയം നോക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
 

date