1000 ഗ്രാമചന്തകള്: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 25)
കൃഷിവകുപ്പ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുളള കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് നടത്തുന്ന 1000 ഗ്രാമീണ കാര്‍ഷിക ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 25) മലപ്പുറത്ത് എടപ്പാളില്‍ നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ ടി. ജലീലിന്റെ അധ്യക്ഷതയില്‍ കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.
പ്രാദേശിക കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന നാടന്‍ ജൈവ ഉത്പന്നങ്ങള്‍ ആഴ്ചയിലൊരിക്കല്‍ നേരിട്ട് ഉപഭോക്താക്കള്‍ക്ക് വാങ്ങാവുന്നതരത്തിലാണ് വിപണികള്‍ സജ്ജമാക്കുന്നത്. കര്‍ഷകര്‍ക്ക് അധികംവില നല്കി സംഭരിക്കുന്ന ഉത്പന്നങ്ങള്‍ ന്യായവിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും.
പഞ്ചായത്തുതലത്തില്‍ പ്രസിഡന്റ് ചെയര്‍മാനായും കൃഷി ഓഫീസര്‍ കണ്‍വീനറായുമുളള പ്രത്യേകം മോണിറ്ററിംഗ് സമിതിയ്ക്കായിരിക്കും ഗ്രാമീണ കാര്‍ഷിക ചന്തകളുടെ നടത്തിപ്പുചുമതല. കര്‍ഷകപ്രതിനിധികളും കുടുംബശ്രീ അംഗങ്ങളും ഇതില്‍ മെമ്പര്‍മാരായിരിക്കും. പൊതുതാല്പര്യപ്രകാരം കമ്മറ്റിയുടെ തീരുമാനമനുസരിച്ച് വിപണികള്‍ക്ക് ആഴ്ചയില്‍ ഒന്നില്‍കൂടുതല്‍ ദിവസം പ്രവര്‍ത്തിക്കുവാനും വ്യത്യസ്ത സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനുമുളള സ്വാതന്ത്ര്യമുണ്ടായിരിക്കും.
പി.എന്‍.എക്സ്.5001/17
- Log in to post comments