പട്ടികജാതി പട്ടികവര്‍ഗ ഗോത്ര കമ്മീഷന് പരാതി പരിഹാര അദാലത്ത് സമാപിച്ചു
*235 കേസുകളില്‍ തീരുമാനമായി
പട്ടികജാതി പട്ടികവര്‍ഗ ഗോത്ര കമ്മീഷന് ജില്ലയില്‍ 23, 24, 25 തിയതികളില്‍ നടത്തിയ പരാതി പരിഹാര അദാലത്തിന് പരിസമാപ്തിയായി. മൂന്നു ദിവസങ്ങളിലായി 290 കേസുകള്‍ പരിഗണിച്ചതില്‍ 235 കേസുകളില്‍ പരിഹാരമായെന്ന് കമ്മീഷന് ചെയര്മാന് റിട്ടയേഡ് ജഡ്ജ് പി.എന്‍. വിജയകുമാര്‍ അറിയിച്ചു.
കമ്മീഷനു ലഭിക്കുന്ന പരാതികളില്‍ കൂടുതലും പോലീസ് അതിക്രമങ്ങള്‍ സംബന്ധിച്ചാണെന്ന് ചെയര്മാന് അറിയിച്ചു. പട്ടിക വിഭാഗക്കാരായ പരാതിക്കാരെ പോലിസ് ഭീഷണിപ്പെടുത്തുന്ന സാഹചര്യങ്ങളുണ്ടെന്നും അവര്‍ക്ക് ആവശ്യമായ നിയമ സഹായങ്ങള്‍ ലഭ്യമാക്കാന്‍ തയ്യാറാകുന്നില്ലെന്നും പരാതികള്‍ ലഭിക്കുന്നുണ്ട്. വീട്ടിലേക്ക് വഴിയില്ല, ജലസ്രോതസ്സുകള്‍ മലിനപ്പെടുന്നു, ഉദ്യോഗസ്ഥരുടെ സര്‍വീസ് സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ചും കമ്മീഷനില്‍ നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്നും ചെയര്മാന് പറഞ്ഞു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ 2016-17ല്‍ മാത്രം കമ്മീഷന് സ്വമേധയാ 27 കേസുകള്‍ എടുത്തു. ചുരുങ്ങിയ സൗകര്യങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഏറ്റവും നന്നായി പ്രവര്‍ത്തിക്കാന്‍ കമ്മീഷനു കഴിഞ്ഞിട്ടുണ്ട്. കമ്മീഷന്റെ ശുപാര്‍ശകളിലേറെയും സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടെന്നും ചെയര്മാന് പറഞ്ഞു.
പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാരുടെ വാസസ്ഥലങ്ങള്‍ക്കു സമീപം അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് അവരുടെ സൈ്വര്യജീവിതത്തിനു തടസമാകുന്നുവെന്നും നാശനഷ്ടങ്ങള്‍ക്കു കാരണമാകുന്നുവെന്നുമുള്ള ധാരാളം പരാതികള്‍ കമ്മീഷനു ലഭിക്കുന്നുണ്ട്. എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പട്ടിക വിഭാഗക്കാരിയായ മൂന്നുവയസ്സുകാരിയുടെ മരണം ചികിത്സാപ്പിഴവാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനും ഈ കുടുംബത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ പട്ടികജാതി വികസന വകുപ്പിനും നിര്‍ദേശം നല്‍കിയതായി കമ്മീഷന് ചെയര്മാന് അറിയിച്ചു.
അദാലത്തിന്റെ ആദ്യദിവസം 80 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 72 എണ്ണത്തില്‍ തീരുമാനമായി. 24നു പരിഗണിച്ച 110 കേസുകളില്‍ 73 എണ്ണത്തില്‍ തീരുമാനമായി. ഇന്നലെ നൂറു കേസുകളാണ് പരിഗണിച്ചത്. അതില്‍ 90 കേസുകളിലും തീരുമാനമായി. അദാലത്തില്‍ ജില്ലയില്‍ നിന്ന് 25 പുതിയ പരാതികള്‍ കൂടി കമ്മീഷന്റെ പരിഗണനയ്ക്കു ലഭിച്ചുവെന്നും ചെയര്മാന് അറിയിച്ചു.
കമ്മീഷന് 2012ല്‍ ചുമതലയേറ്റ നാള് മുതല്‍ പരിഗണനയിലുണ്ടായിരുന്ന പതിനെട്ടായിരം കേസുകളില്‍ 16000 കേസുകളിലും തീരുമാനമുണ്ടാക്കാന്‍ സാധിച്ചു. കമ്മീഷന്റെ കാലാവധി അവസാനിക്കാന്‍ മൂന്നുമാസം മാത്രമേ ബാക്കിയുള്ളൂവെങ്കിലും ശേഷിക്കുന്ന കേസുകളും കാലാവധിക്കുള്ളില്‍ പരിഹരിക്കാന്‍ ശ്രമിക്കും. കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ചെയര്മാന് അറിയിച്ചു.
പി.എന്‍.എക്സ്.5029/17
- Log in to post comments