1200 ഏക്കറില്‍ തരിശുനില കൃഷി: ജില്ലാ കളക്ടര്‍ ഒരുക്കങ്ങള്‍ വിലയിരുത്തി
കോട്ടയത്തിന്റെ ചങ്ക് തിരിച്ച് പിടിക്കാന്‍ ജനപങ്കാളിത്തത്തോടെ ഡിസംബര്‍ രണ്ടിന് കര്‍ഷകര്‍ ഒരുമിക്കുന്നു. കോട്ടയം നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന 1200 ഏക്കറോളം വരുന്ന പാടശേഖരങ്ങളിലെ വിത
മഹോത്സവം ആഘോഷമാക്കാന്‍ കാത്തിരിക്കുകയാണ് നാട്ടുകാര്‍. ഇതാദ്യമായാണ് മൂന്നു പഞ്ചായത്തുകളിലെ തരിശു പാടശേഖരങ്ങളില്‍ ഒന്നിച്ച് കൃഷിയിറക്കുന്നത്. നാലുമണിക്കാറ്റിനു സമീപം വിതമഹോത്സവത്തിനായി ഒരുക്കുന്ന പാടശേഖരവും സമീപ പാടശേഖരങ്ങളും സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി ഒരുക്കങ്ങള്‍ വിലയിരുത്തി. കൂടുതല്‍ കര്‍ഷകര്‍ കൃഷിയിറക്കാന്‍ മുന്നോട്ട് വരണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. കര്‍ഷകര്‍ സമൂഹത്തിനായി ജീവിക്കുന്നവരാണെന്ന തിരിച്ചറിവ് തരിശുനിലകൃഷിയെ കൂടുതല്‍ ജനകീയമാക്കിയിട്ടുണ്ട്. കര്ഷകന് മുമ്പില്ലാത്ത പിന്തുണ ഇപ്പോള്‍ സര്‍ക്കാരും പൊതുസമൂഹവും നല്‍കുന്നുണ്ട്. നാടിന്റെ നല്ല മാറ്റത്തില്‍ പങ്കാളിയാകാന്‍ ലഭിച്ച അവസരമായി ഇതിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
മണര്‍കാട്, വിജയപുരം, അയര്‍ക്കുന്നം പഞ്ചായത്തുകളില്‍ 15 വര്‍ഷമായി തരിശുകിടന്ന പാടശേഖരങ്ങളിലാണ് കൃഷിയിറക്കുന്നത്. മീനച്ചിലാര്‍-കൊടൂരാര്‍-മീനന്തലയാര്‍ നദീ സംയോജനത്തിന്റെ ഭാഗമായി കൈത്തോടുകളുടെ പുനര്‍ജീവനം സാദ്ധ്യമായതിലൂടെയാണ് പാടശേഖരങ്ങള്‍ കൃഷിയിറക്കാന്‍ സജ്ജമായത്. ആറുമാനൂരില്‍ നിന്ന് ആരംഭിച്ച് മീനച്ചിലാറില്‍ ചേരുന്ന മുണ്ടിത്തോട്, ചൊറിച്ചിത്തോട് പുനര്‍ജീവനം അമയന്നൂര്‍ മില്വു വരെയുള്ള ഏഴു കിലോമീറ്റര്‍ സ്ഥലത്ത് ഇതിനകം പൂര്‍ത്തിയായി. ഐരാറ്റുനടത്തോടിന്റെ ശുചീകരണവും വഴിതെളിക്കലും നാലുമണിക്കാറ്റ് പാര്ക്കിന് സമീപമുള്ള പാടശേഖരങ്ങളുടെ ഒരു കിലോമീറ്റര്‍ അടുത്തു വരെ പൂര്‍ത്തിയായിട്ടുണ്ട്. പാടങ്ങളിലേയ്ക്ക് വെള്ളമെത്താന്‍ വഴിതെളിഞ്ഞതോടെയാണ് കൃഷിയും തിരിച്ചു വരുന്നത്.
ആദ്യഘട്ട വിതയ്ക്കുള്ള വിത്തും എത്തിക്കഴിഞ്ഞു. 1200 ഏക്കറില്‍ കൃഷിയിറക്കുന്നതിനുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് ഒന്നരക്കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു കഴിഞ്ഞു. വെള്ളം വറ്റിച്ച് നിലം ഒരുക്കുന്നതുവരെയുള്ള പ്രവര്‍ത്തികള്‍ ജനപങ്കാളിത്തത്തോടെ സര്‍ക്കാരാണ് നടത്തുന്നത്. കൂടാതെ കൃഷിയിറക്കുന്ന കര്ഷകന് ഹെക്ടറിന് 25000 രൂപ ധനസഹായം കൃഷി വകുപ്പ്ു നല്‍കും. പുല്ലു നീക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയായി വരുന്നത്. തയ്യാറാക്കുന്ന പാടശേഖരങ്ങളില്‍ 30 ശതമാനം നിലത്ത് ഉടമകള്‍ നേരിട്ട് കൃഷിയിറക്കും. ബാക്കി നിലങ്ങളില്‍ വിവിധ സംഘടനകളും കര്‍ഷകരും പാട്ടത്തിനെടുത്ത് കൃഷിയിറക്കും. കുട്ടനാട്ടില്‍ നിന്നു വരെ കൃഷി ചെയ്യാന്‍ സന്നദ്ധതയറിയിച്ച് കര്‍ഷകര്‍ എത്തിയിട്ടുണ്ട്.
ജില്ലാ കളക്ടറോടൊപ്പം ജനകീയ കൂട്ടായ്മയ്ക്ക് നേതൃത്വം നല്കുന്ന അനില്‍ കുമാര്‍, സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പുന്നന്‍ കുര്യന്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കോര തോമസ്, കൃഷി അസിസ്റ്റന്റ് ബോബി സി. വര്‍ഗീസ്, കൃഷി ഓഫീസര്‍ ബോബി തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ്, ഇറിഗേഷന്‍ എഇ അനിത കുമാരി തുടങ്ങിയവരും സ്ഥലം സന്ദര്‍ശിച്ചു.
- Log in to post comments