ജില്ലയുടെ വികസനം അമിത പാരിസ്ഥിതിക നിയന്ത്രണങ്ങള്‍ തടസ്സമാകരുത് ജില്ലാ വികസനസമിതി
പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിലുള്ള അമിതമായ നിയന്ത്രണങ്ങള്‍ ജില്ലയുടെ വികസനത്തിന് തടസ്സമാകുന്നുവെന്ന് ജില്ലാ വികസനസമിതി യോഗം വിലയിരുത്തി. കോടതി വ്യവഹാരങ്ങളില്‍പ്പെടുത്തി ബാഹ്യശക്തികള്‍ ജില്ലയുടെ സമഗ്രവികസനത്തിന് കടിഞ്ഞാണിടാനാണ് ശ്രമിക്കുന്നത്. പരിസ്ഥിതി സംരക്ഷണം ജില്ലാഭരണകൂടം ഉറപ്പുവരുത്തുമ്പോഴും അതിനെ അട്ടിമറിക്കുന്ന രീതിയില്‍ കുപ്രചരണങ്ങള്‍ വ്യാപിപ്പിക്കുന്നത് വിവിധ മേഖലകളെ സാരമായി ബാധിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ അദ്ധ്യക്ഷതയില്‍ ആസൂത്രണ ഭവനിലെ എ.പിജെ ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗം അഭിപ്രായപ്പെട്ടു.
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കുറുവ ദ്വീപ് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അടച്ചിടുന്നത് ശരിയല്ല. അഭ്യന്തര വിനോദ സഞ്ചാരികളടക്കം ഒട്ടേറെ പേര്‍ ഇവിടെയെത്തി നിരാശരായി തിരിച്ചു പോകുന്നതാണ് നിലവിലെ സാഹചര്യം. കുറുവ ദ്വീപ് സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കാന്‍ ടൂറിസം, വനം വകുപ്പുകള്‍ യോജിച്ച് നീങ്ങണമെന്നും സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധത്തില്‍ നടപടികള്‍ ആരും സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിനോദ കേന്ദ്രങ്ങള്‍ മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ണ്ണമായും പ്ലാസ്റ്റിക് രഹിതമാക്കുന്നതിനുളള നടപടികള്‍ ആവിഷ്‌ക്കരിച്ച് വരികയാണെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ബയോ ടോയിലറ്റുകള്‍ നിര്‍ബന്ധമായും ഏര്‍പ്പെടുത്തും. എടക്കല്‍, കുറുവ എന്നീ ടൂറിസം കേന്ദ്രങ്ങളെ ലോക പൈതൃക ടൂറിസം പട്ടികയില്‍ കൊണ്ടുവരുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
പാടിച്ചിറ വില്ലേജില്‍ ഭൂസര്‍വ്വെ നടത്തിയതില്‍ വന്ന തെറ്റുകള്‍ കാരണം ഭൂനികുതി അടക്കുവാനും ഭൂമിക്രയവിക്രയം ചെയ്യുന്നതിനും കര്‍ഷകരുള്‍പ്പെടെയുളള നൂറുകണക്കിനാളുകള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി എം.ഐ ഷാനവാസ് എം.പിയുടെ പ്രതിനിധിയായി യോഗത്തില്‍ എത്തിയ കെ.എല്‍ പൗലോസ് പറഞ്ഞു. സര്‍വ്വെയില്‍ വന്ന തെറ്റുകള്‍ തിരുത്തുന്നതിനുളള നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാവിലാന്തോട് പഴശ്ശിസ്മാരകത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കാത്തതും കെ.എല്‍ പൗലോസ് യോഗത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു.
ജില്ലയില്‍ രൂക്ഷമായ വന്യമൃഗശല്യം പ്രതിരോധിക്കാനുളള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്ന കാര്യം ജില്ലാ വികസന സമിതി ചര്‍ച്ച ചെയ്തു. റെയില്‍ ഫെന്‍സിംഗ് പദ്ധതിയുടെ വിജയമനുസരിച്ച് മറ്റിടങ്ങളിലേക്ക് ഇത് വ്യാപിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ യോഗത്തെ അറിയിച്ചു. വന്യമൃഗ ശല്യം നേരിടുന്നതിന് ജില്ലയിലെ ഓരോ മേഖലക്കും അനുയോജ്യമായ പ്രതിരോധമാര്‍ഗങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി മൂന്ന് ഡി.എഫ്.ഒ മാരും സംയുക്തമായി യോഗം ചേരണമെന്ന് വികസന സമിതി യോഗം നിര്‍ദ്ദേശം നല്‍കി.
ചുരം പാര്‍ക്കിംഗ് നിരോധനത്തിന്റെ മറവില്‍ സ്വകാര്യവ്യക്തികള്‍ നിലം നികത്തുന്നത് അനുവദിക്കില്ല. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്താന്‍ വൈത്തിരി ഗ്രാമപഞ്ചായത്തിന് ജില്ലാ വികസന സമിതി അനുമതി നല്‍കി.പഞ്ചായത്ത് ഭരണസമിതിയെ അറിയിക്കാതെയാണ് ലക്കിടിയില്‍ പാര്‍ക്കിംഗ് ഏരിയ ഉണ്ടാക്കാന്‍ തീരുമാനം എടുത്തതെന്നും ഇതില്‍ പ്രതിഷേധമുണ്ടെന്നും വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഉഷാകുമാരി പറഞ്ഞു. വൈത്തിരിയില്‍ സ്ഥലം ലഭിക്കുന്ന മുറയ്ക്ക് കരിന്തണ്ടന്‍ സ്മാരകം പണിയാനായി ടൂറിസംവകുപ്പിനെ ഏല്‍പിക്കും.
മെഡിക്കല്‍ കോളേജിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് വനം വകുപ്പിന്റെ റോഡ് നവീകരിച്ച് താല്‍ക്കാലികമായി ഉപയോഗപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, എ.ഡി.എം. കെ.എം.രാജു, അസിസ്റ്റന്റ് പ്ലാനിങ്ങ് ഓഫീസര്‍ സുഭദ്രാ നായര്‍, ജനപ്രതിനിധികള്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments