Skip to main content
മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള ഭൂമിയുടെ കൈവശരേഖ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ കൈമാറുന്നു.

മുത്തങ്ങ ഭൂസമരം: 56 പേര്‍ക്ക് ഒരേക്കര്‍ വീതം ഭൂമി കൈമാറി

 

 

കേരള ചരിത്രത്തിന്റെ ഭാഗമായി മാറിയ മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത് യാതനകള്‍ ഏറ്റുവാങ്ങിയ 56 പേര്‍ക്ക് ഓരോ ഏക്കര്‍ വീതം ഭൂമി  കൈമാറി. സമര നേതാക്കളുള്‍പ്പടെയു്ള്ള പട്ടികവര്‍ഗവിഭാഗക്കാര്‍ക്കാണ് സര്‍ക്കാര്‍ തീരുമാനപ്രകാരം ഭൂമി കൈമാറി കൈവശരേഖ നല്‍കിയത്. വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ അധ്യക്ഷതയില്‍  സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ കൈവശരേഖ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. മുത്തങ്ങ സമരകാലത്തെ ഭയാനകമായ അന്തരീക്ഷത്തില്‍ നിന്ന് കുറെക്കൂടി മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിലേക്ക് എത്തിപ്പെടാന്‍ ആദിവാസികള്‍ക്ക് കഴിഞ്ഞതായി എം.എല്‍.എ പറഞ്ഞു. ആദിവാസികളുടെ ജീവിത നിലവാരം ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. പട്ടികവര്‍ഗ വിഭാഗത്തിന് പൊലീസ്, എക്‌സൈസ് ജോലികളില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരുന്നതായി അദ്ദേഹം പറഞ്ഞു. അടുത്ത ഘട്ട വിതരണത്തിന് ഭൂമി കണ്ടെത്തി സര്‍വേ ചെയ്യുന്ന ജോലികള്‍ പുരോഗമിച്ചുവരുന്നതായി ജില്ലാ കളക്ടര്‍ പറഞ്ഞു. റവന്യൂ വകുപ്പ് ഇക്കാര്യത്തില്‍ ഉര്‍ജ്ജസ്വലതയോടെ മുന്നോട്ടുപോവുകയാണ്. വൈത്തിരി ഗ്രാ്മപഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരി, ഡെപ്യൂട്ടി  കളക്ടര്‍ എ.ചാമിക്കുട്ടി , തഹസില്‍ദാര്‍ തങ്കച്ചന്‍ ആന്റണി, ഹുസൂര്‍ ശിരസ്തദാര്‍ ഇ.പി.മേഴ്‌സി, ഭൂമി നല്‍കുന്ന വെള്ളരിമല വില്ലേജ് ഓഫീസര്‍ ചാര്‍ജ് ഷാന്റോ ജോസ് വിവിധ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസംഗിച്ചു. മൂന്നു താലൂക്കുകളില്‍ ഏഴ് വില്ലേജുകളിലായിട്ടാണ് സമര പീഡിതര്‍ക്ക് ഭൂമി കണ്ടെത്തിയിട്ടുള്ളത്. മാനന്തവാടിയിലും വൈത്തിരിയിലും ബത്തേരിയിലുമായി ഏഴു വില്ലേജുകളിലായാണിത്.  താമസത്തിന് അനുയോജ്യമെന്ന് കണ്ടെത്തിയ ഭൂമിയാണ് കൈമാറുന്നത്. വൈത്തിരിയില്‍ വെള്ളരിമല വില്ലേജിലാണ് ഭൂമി നല്‍കുന്നത്.

 

 

 

date