Skip to main content

ആ ഫൗള്‍ മറന്നേക്കൂ; ഇതാ എന്റെ സ്വര്‍ണം

 

സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹഡില്‍സില്‍ തുടക്കം പിഴച്ചതിന്റെ സങ്കടം ഗായത്രിയുടെ വാശി കൂട്ടിയതേ ഉള്ളൂ. ഒരു സ്വര്‍ണമെങ്കിലുമില്ലാതെ മേളയില്‍ നിന്ന് മടങ്ങുന്നതെങ്ങനെ? സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ് ജമ്പില്‍ 5.14 മീറ്റര്‍ ചാടി സ്വര്‍ണം നേടിയ തൃശൂര്‍ എങ്ങണ്ടിയൂര്‍ സെന്റ് തോമസ് എച്ച്.എസ്.എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി എന്‍.ജി. ഗായത്രിയാണ് ഹഡില്‍സ് ഫൗളിന് ലോങ് ജമ്പിലെ സ്വര്‍ണ്ണം കൊണ്ടു പകരം വീട്ടിയ മിടുക്കി.   
കഴിഞ്ഞ വര്‍ഷം സംസ്ഥാന കായികമേളയില്‍ 400 മീറ്ററില്‍ മത്സരിച്ചിരുന്നു. ലോങ് ജമ്പ് പരിശീലിച്ചു തുടങ്ങിയിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളു. ചേച്ചി ഗാഥ ജില്ലാതലത്തില്‍ ഹൈജമ്പിന് സ്വര്‍ണ്ണം നേടിയിട്ടുണ്ട്-ഗായത്രി പറഞ്ഞു. എന്‍. ആര്‍. ഗണേഷിന്റെയും അനുവിന്റെയും മകളാണ് ഗായത്രി. 
സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ് ജമ്പില്‍ രണ്ടും മൂന്നും സ്ഥാനം മലപ്പുറത്തിനാണ്. കടകശ്ശേരി ഐഡിയല്‍ ഇ 'എം. എച്ച് .എസ്.എസിലെ നേഹ സുമീഷ് വെള്ളിയും മൂര്‍ക്കനാട് എസ്.എസ്. എച്ച് എസ്.എസിലെ  റിധ ജാസ്മിന്‍ എം വെങ്കലവും നേടി.

date