വയനാട് ഉപതെരഞ്ഞെടുപ്പ്: ജില്ലയിലെ ഒരുക്കങ്ങൾ പൂർത്തിയായി * പോളിങ് സാമഗ്രികളുടെ വിതരണം നാളെ (ചൊവ്വ)
വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിന് മലപ്പുറം ജില്ലയിലെ ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കളക്ടര്‍ വി.ആര് വിനോദ്, ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് എന്നിവർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലയില്‍ ഉപതെരഞ്ഞെടുപ്പുള്ള ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ മൂന്ന് മണ്ഡലങ്ങളിലായി ആകെ 6,45,755 പേർക്കാണ് സമ്മതിദാനാവകാശമുള്ളത്. ഇവരിൽ 3,20,214 പേർ പുരുഷമാരും 3,25,535 പേർ സ്ത്രീകളും 6 പേർ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരുമാണ്.
നവംബർ 13 ന് രാവിലെ 7 മുതൽ വോട്ടെടുപ്പ് ആരംഭിക്കും. 25 ഓക്സിലറി ബുത്തുകൾ ഉൾപ്പെടെ ആകെ 595 പോളിങ് സ്റ്റേഷനുകളാണ് ജില്ലയിൽ സജ്ജീകരിച്ചിട്ടുള്ളത്. എല്ലാ ബൂത്തുകളിലും റാംപ്, ടോയ്ലറ്റ്, കുടിവെള്ള സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. വനിതാ ഓഫീസർമാരുടെ മാത്രം മേല്‍നോട്ടത്തില്‍ ഒമ്പത് പോളിങ് സ്റ്റേഷനുകൾ പ്രവർത്തിക്കും. ഒമ്പത് മാതൃകാ പോളിങ് ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലും ഇത്തരത്തില്‍ മൂന്ന് വീതം പോളിങ് സ്റ്റേഷനുകളാണ് ഉണ്ടാവുക. 595 പോളിങ് സ്റ്റേഷൻകളിലും വോട്ടെടുപ്പ് നടപടികൾ വെബ്കാസ്റ്റിങ് നടത്തുന്നുണ്ട്. 16 മേഖലകളിലായി 26 പ്രശ്ന സാധ്യതാ ബൂത്തുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവിടങ്ങളിൽ അധിക സുരക്ഷ ഒരുക്കും. ഏറനാട് അഞ്ചും നിലമ്പൂരിൽ 17 ഉം വണ്ടൂരിൽ നാലും പ്രശ്ന സാധ്യതാ ബൂത്തുകളാണുള്ളത്.
മൂന്ന് മണ്ഡലങ്ങളിലുമായി റിസർവ് ഉൾപ്പെടെ 1424 ബാലറ്റ് യൂണിറ്റുകളും (ഏറനാട് 416, നിലമ്പൂര്‍ 500, വണ്ടൂര്‍ 508) 712 കണ്ട്രോള് യൂണിറ്റുകളും (ഏറനാട് 208, നിലമ്പൂര്‍ 250, വണ്ടൂര്‍ 254), 772 വി.വി പാറ്റുകളും (ഏറനാട് 226, നിലമ്പൂര്‍ 271, വണ്ടൂര്‍ 275) വോട്ടുപ്പിന് ഉപയോഗിക്കും.
റിസര്‍വിലുള്ളവര്‍ ഉള്‍പ്പെടെ 2975 ഉദ്യോഗസ്ഥരെയാണ് പോളിങ് ചുമതലകള്‍ക്ക് നിയോഗിച്ചിട്ടുള്ളത്. ഓരോ പോളിങ് സ്റ്റേഷനിലും നാല് വീതം ഉദ്യോഗസ്ഥരാണ് ഉണ്ടാവുക. 1300 ലധികം വോട്ടർമാരുള്ള ബൂത്തുകളിൽ ഒരു പോളിങ് ഓഫീസറെ അധികമായി നിയോഗിക്കും. ഇതിന് പുറമെ 67 സെക്ടര്‍ ഓഫിസര്‍മാര്‍, 26 മൈക്രോ ഒബ്സര്‍വര്‍മാര്‍, 570 ബി.എല്‍.ഒമാര്‍, 182 റൂട്ട് ഓഫീസര്‍മാര്‍, 54 സ്ക്വാഡ് ലീഡര്‍മാര്‍ എന്നിവരും ചുമതലകളിലുണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
പോളിങ് ഉദ്യോഗസ്ഥരെ സഹായിക്കാനും റിപ്പോര്‍ട്ടുകള്‍ സമാഹരിക്കാനും ഓരോ മണിക്കൂറിലും വോട്ടിങിന്റെ പുരോഗതി അറിയിക്കാനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇ.വി.എം, വി.വി പാറ്റ് എന്നിവയിലെ പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ചുമതലകള്‍ക്കായി 2500 പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും രണ്ട് കമ്പനി കേന്ദ്ര സേനയും മൂന്ന് കമ്പനി സായുധ ബറ്റാലിയന് സേനാംഗങ്ങളും ഉണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി ആര്. വിശ്വനാഥ് അറിയിച്ചു.
ഒമ്പത് ഫ്ളയിങ് സ്ക്വാഡ് ടീമുകള്‍, മൂന്ന് ആന്റിഡിഫേസ്മെന്റ് സ്ക്വാഡുകള്‍, 27 സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് ടീം, ആറ് വിഡിയോ സര്‍വെയ്ലന്‍സ് ടീം, മൂന്ന് വിഡിയോ നിരീക്ഷണ സംഘങ്ങള്‍, മൂന്ന് അക്കൗണ്ടിങ് ടീം, മൂന്ന് അസി. എക്സ്പന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാര്‍ എന്നിവർ ഇലക്ഷൻ പ്രഖ്യാപനം മുതൽ പ്രവർത്തിക്കുന്നുണ്ട്.
പോളിങ് സമഗ്രികളുടെ വിതരണം നാളെ (ചൊവ്വ) രാവിലെ മുതൽ മഞ്ചേരി ചുള്ളക്കാട് ജി.യു.പി. സ്കൂൾ, നിലമ്പൂർ അമൽ കോളെജ് എന്നിവിടങ്ങളിൽ നടക്കും. വോട്ടെണ്ണല്‍ കേന്ദ്രമായ നിലമ്പൂര്‍ അമല്‍ കോളജിലാണ് സ്ട്രോങ് റൂമുകളും സജ്ജീകരിച്ചിട്ടുള്ളത്. 23നാണ് വോട്ടെണ്ണല്‍.
വാർത്താ സമ്മേളനത്തിൽ ഇലക്ഷൻ സെപ്യൂട്ടി കളക്ടർ കെ. കൃഷ്ണകുമാർ, ജില്ലാ ഇൻഫർമേ
ഷൻ ഓഫീസർ കെ. മുഹമ്മദ് എന്നിവരും പങ്കെടുത്തു.
വോട്ടർമാരുടെ വിവരങ്ങൾ:
ആകെ വോട്ടര്‍മാര്‍: 6,45,755 (ഏറനാട് -184986, നിലമ്പൂര്‍ -226541, വണ്ടൂര്‍ -234228)
ആകെ പുരുഷ വോട്ടർമാര്‍: 3,20,214 (ഏറനാട് -93880, നിലമ്പൂര്‍ -110826, വണ്ടൂര്‍ -115508)
സ്ത്രീ വോട്ടർമാർ: 3,25,535 (ഏറനാട് -91106, നിലമ്പൂര്‍ -115709, വണ്ടൂര്‍ -118720)
ട്രാന്‍സ്ജെന്‍ഡര്‍: 6
ആകെ പ്രവാസി വോട്ടര്‍മാര്‍: 1,208
ഭിന്നശേഷി വോട്ടര്‍മാര്‍: 6,277
85 വയസ്സിന് മുകളിലുള്ളവര്‍: 4,506
സര്‍വീസ് വോട്ടര്‍മാര്‍: 753
മോഡല്‍ പോളിങ് സ്റ്റേഷനുകള്‍:
(ക്രമനമ്പര്‍, പോളിങ് സ്റ്റേഷന് നമ്പര്‍, മണ്ഡലം, പോളിങ് സ്റ്റേഷന് ക്രമത്തില്‍)
1. ഏറനാട് (8), അന്‍വാറുല്‍ ഇസ്ലാം അറബിക് കോളജ്, കുനിയില്‍ സൗത്ത്
2. ഏറനാട് (22), ഗവ. അപ്പര്‍ പ്രൈമറി സ്കൂള്‍ വെറ്റിലപ്പാറ
3. ഏറനാട് (160), മര്‍കസുല്‍ ഉലൂം ഇംഗ്ളീഷ് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍, എക്കാപറമ്പ്
4. നിലമ്പൂര്‍ (64), ഗവ. ഹൈസ്കൂള്‍ എടക്കര
5. നിലമ്പൂര്‍ (113), മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ചുങ്കത്തറ
6. നിലമ്പൂര്‍ (140), ഗവ. മോഡല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ നിലമ്പൂര്‍.
7. വണ്ടൂര്‍ (36), ഗവ. ഹൈസ്കൂള്‍, തിരുവാലി.
8. വണ്ടൂര്‍ (108), റബീഉല്‍ ഇസ്ലാം മദ്രസ, പല്ലിശ്ശേരി.
9. വണ്ടൂര്‍ (121) ഗവ. അപ്പര്‍ പ്രൈമറി സ്കൂള്‍, കാളികാവ് ബസാര്‍.
സുരക്ഷാ ചുമതലയിൽ കേന്ദ്ര- സായുധ സേനകളും 2500 പൊലീസുകാരും
വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെ സുരക്ഷ ചുമതലകള്‍ക്കായി 2500 പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും രണ്ട് കമ്പനി കേന്ദ്ര സേനയും മൂന്ന് കമ്പനി സായുധ ബറ്റാലിയന് സേനാംഗങ്ങളും ഉണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി ആര്. വിശ്വനാഥ് അറിയിച്ചു. ജില്ലയിലെ 11 പൊലീസ് സ്റ്റേഷന് പരിധികളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂര്‍, വണ്ടൂര്‍, അരീക്കോട് സ്റ്റേഷനുകള്‍ ആസ്ഥാനമാക്കി മൂന്ന് ഇലക്ഷന് സബ് ഡിവിഷന് ഡിവൈ.എസ്.പിമാരുടെ കീഴില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ കേന്ദ്ര സേനയുടെ സുരക്ഷയൊരുക്കിയിട്ടുണ്ട്. ഇത്തരം 16 സ്ഥലങ്ങളിലായി 26 പോളിങ് ബൂത്തുകളാണ് പ്രശ്നബാധിത ബൂത്തുകളായി പരിഗണിച്ച് കേന്ദ്ര സേനയുടെ പ്രത്യേക സുരക്ഷ ഒരുക്കുന്നത്.
ജില്ലാ ഇലക്ഷന് ഓഫീസര്‍ ഇളവ് അനുവദിച്ചവ ഒഴികെ എല്ലാ ലൈസന്‍സുള്ള ആയുധങ്ങളും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടോയെന്ന് സൈബര്‍ സെല്ലിന്റെയും സൈബര്‍ പൊലീസ് സ്റ്റേഷന്റെയും നേതൃത്വത്തില്‍ നിരീക്ഷിക്കുന്നു. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെയും സ്ട്രോങ് റൂമായ നിലമ്പൂര്‍ അമല്‍ കോളജില്‍ കേന്ദ്ര സേനയുടെയും എ.പി ബറ്റാലിയനിലെയും 48 വീതം അംഗങ്ങളെയും പട്രോളിങ്ങിനായി പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അഡീഷനല്‍ പൊലീസ് സൂപ്രണ്ടിന് കീഴില്‍ ഇലക്ഷന് സെല്ലും ഇലക്ഷന് കണ്ട്രോള് റൂമും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം ജില്ലയില്‍ 13.1729 കിലോഗ്രാം കഞ്ചാവ്, 76.25 ഗ്രാം എം.ഡി.എം.എ, 30 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 50,98,300 രൂപ, 719.8 ഗ്രാം സ്വര്‍ണം എന്നിവ പിടികൂടി തുടര്‍നടപടി സ്വീകരിച്ചതായും നിലമ്പൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍നിന്ന് ഒരു നാടന്‍ തോക്കും 12 തിരകളും പിടികൂടിയതായും അദ്ദേഹം അറിയിച്ചു.
ഉപതെരഞ്ഞെടുപ്പ്: ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ 13 ന് പൊതു അവധി
* ഉപതെരഞ്ഞെടുപ്പില്‍ വോട്ടുള്ള, പുറത്ത് ജോലി ചെയ്യുന്നവര്‍ക്കും അവധി
വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13 ന് മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ഈ മണ്ഡലങ്ങളില്‍ അന്ന് അവധിയായിരിക്കും. എല്ലാ സ്വകാര്യ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണം.
ഇത് കൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളില്‍ വോട്ടുള്ളവരും എന്നാല്‍ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.
- Log in to post comments