നവംബര്‍ 14ന് ശിശുദിന റാലിയും സ്റ്റുഡന്റ് പാര്‍ലിമെന്റും സംഘടിപ്പിക്കും
ജില്ലാ പഞ്ചായത്തും ജില്ലാ ഭരണസംവിധാനവും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ജില്ലാ ശിശുക്ഷേമ സമിതി നവംബര്‍ 14ന് ശിശുദിന റാലിയും സ്റ്റുഡന്റ് പാര്‍ലിമെന്റും സംഘടിപ്പിക്കും. വിദ്യാനഗര്‍ അസാപ്പ് സെന്റര്‍ പരിസരത്ത് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ റാലി ഫ്ളാഗ് ഓഫ് ചെയ്യും. വിവിധ സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും. വിദ്യാനഗര്‍ സണ്‍റൈസ് പാര്‍ക്കില്‍ വെച്ച് നടക്കുന്ന കുട്ടികളുടെ പാര്‍ലിമെന്റില്‍ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വെള്ളരിക്കുണ്ടിലെ സെന്റ് എലിസബത്ത് സ്‌കൂളിലെ എയ്ബല്‍ ജിന്‍സ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കുട്ടികളുടെ പ്രസിഡന്റ് മേലാങ്കോട് ജി.യു.പി സ്‌കൂളിലെ വസുന്ധര കെ.എസ്. അധ്യക്ഷത വഹിക്കും. കുട്ടികളുടെ പ്രതിപക്ഷ നേതാവ് കീക്കാല്‍ ആര്‍.എം.എം.ജി.യു.പി.എസിലെ ആവണി എം മുഖ്യപ്രഭാഷണം നടത്തും. കുട്ടികളുടെ സ്പീക്കര്‍ കരിച്ചേരി ജി.യു.പി.എസിലെ മാളവിക പി. സ്വാഗതം ആശംസിക്കും. കീക്കാല്‍ ആര്‍.എം.എം. ജിയുപിഎസിലെ സഹന എം. റാവു നന്ദി പറയും.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്യും. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ശിശുദിന സന്ദേശം നല്‍കി സമ്മാനങ്ങള്‍ വിതരണം ചെയ്യും. ജില്ലാ പോലീസ് ഉപമേധാവി പി. ബാലകൃഷ്ണന്‍ നായര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.വി. മധുസൂദനന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി രാംദാസ്, ഡെപ്യൂട്ടി കളക്ടര്‍ പി. സുര്‍ജിത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ ,ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ആര്യ പി. രാജ്,ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ എല്‍. ഷീബ, ഡി.സി.പി.ഒ ഷൈനി ഐസക്. ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യുട്ടീവ് മെമ്പര്‍ ഒ.എം. ബാലകൃഷ്ണന്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ടി.എം.എ. കരീം, സി വി ഗിരീഷന്‍, ജയന്‍ കാടകം എന്നിവര്‍ സംസാരിക്കും. ശിശുക്ഷേമ സമിതി സംഘടിപ്പിച്ച വര്‍ണോത്സവത്തിലെ വിജയികള്‍ക്ക് ചടങ്ങില്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്യും.
- Log in to post comments