Skip to main content

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍; ശിശുദിനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കുട്ടികളുടെ ഹരിതസഭ

മാലിന്യ സംസ്‌കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളില്‍ ശിശുദിനത്തില്‍ ഹരിതസഭ സംഘടിപ്പിക്കും. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹരിതസഭയില്‍ രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. കോര്‍പ്പറേഷന്‍ പരിധിയില്‍ സ്‌കൂളുകളുടെ എണ്ണം അനുസരിച്ച് ഒന്നിലധികം ഹരിതസഭ സംഘടിപ്പിക്കും. ആണ്‍, പെണ്‍ തുല്യാനുപാതത്തില്‍  ഒരു ഹരിതസഭയുടെ ഭാഗമാകുന്നത് 200 കുട്ടികളാണ്. നിലവില്‍ വിദ്യാലയങ്ങളിലെ  ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ള നോഡല്‍ ഓഫീസര്‍മാരായ അധ്യാപകരും ശിശുദിനത്തില്‍ ഈ സഭയുടെ ഭാഗമാകും. വിദ്യാലയങ്ങളില്‍ നിന്നും ഹരിത സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ അതത് തദ്ദേശ സ്വയംഭരണ പ്രദേശത്തെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അവസ്ഥ വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കി സഭയില്‍ അവതരിപ്പിക്കും. സ്‌കൂളിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ കൃത്യമായ നിരീക്ഷണങ്ങള്‍, മാലിന്യം കൈകാര്യം ചെയ്യുന്ന രീതി, മാലിന്യം കത്തിക്കുന്നതും വലിച്ചെറിയുന്നതുമായുള്ള പ്രശ്നങ്ങള്‍,നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഉപയോഗം, നിലവിലുള്ള വെല്ലുവിളികള്‍, ദ്രവ മാലിന്യ സംസ്‌കരണ രംഗത്തെ പ്രശ്നങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഹരിത സഭയില്‍ ചര്‍ച്ച ചെയ്യും. കുട്ടികളുടെ ഹരിതസഭ നിയന്ത്രിക്കുന്നത് കുട്ടികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 11, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളായ എന്‍.എസ്.എസ് വോളന്റിയര്‍മാര്‍ ആയിരിക്കും.

ഹരിതസഭയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ കണ്ടെത്തിയതും, ശേഖരിച്ചതുമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് പരിശോധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ വീട്ടിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും മാലിന്യ സംസ്‌കരണത്തിലെ പോരായ്മകള്‍ കണ്ടെത്തി അക്കാര്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ അറിയിക്കാനും ഹരിതസഭ പ്രയോജനപ്പെടുത്താവുന്നതാണ്. കുട്ടികളുടെ ഹരിതസഭയില്‍ ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, കില, ആര്‍ .ജി.എസ്.എ തുടങ്ങിയവയിലെ റിസോഴ്സ്പേഴ്സണ്‍മാരുടെ സേവനം പ്രയോജനപ്പെടുത്തും. തദ്ദേശസ്വയംഭരണ സ്ഥാപനം മാലിന്യ സംസ്‌കരണ രംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളും സംവിധാനങ്ങളും സംബന്ധിച്ച പരാതികളും ഓരോ പരാതിയിന്മേല്‍ തദ്ദേശസ്വയംഭരണ സ്ഥാപനം സ്വീകരിച്ച നടപടികളും സംബന്ധിച്ച് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും റിപ്പോര്‍ട്ട് അവതരിപ്പിക്കും. അവതരണത്തില്‍ ഹരിതസഭയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജനപ്രതിനിധികളോട് ചോദ്യം ചോദിക്കുന്നതിനുള്ള അവസരവും ഹരിതസഭയില്‍ നല്‍കും. രാവിലെ 10 മുതല്‍ വൈകുന്നേരം നാല് വരെ വരെയാണ് ഹരിതസഭ സംഘടിപ്പിക്കുക. സബ് ജില്ലാ കലോത്സവം നടക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഹരിതസഭ നവംബര്‍ 18 ന് ആണ് സംഘടിപ്പിക്കുക.  കുട്ടികളുടെ ഹരിതസഭ പൂര്‍ണ്ണമായും ഹരിത ചട്ടങ്ങള്‍ പാലിച്ചാണ് സംഘടിപ്പിക്കുന്നത്.

date