ഇട്ടി അച്യുതന് മുതല്‍ ഡോ. ടെസിയും സോമനാഥും വരെ; ജില്ലയുടെ ശാസ്ത്രപൈതൃകത്തിന് മാറ്റുകൂട്ടാനൊരുങ്ങി ശാസ്ത്രമേള
സംസ്ഥാനസ്കൂള്‍ ശാസ്ത്രമേള ഇക്കുറി ആലപ്പുഴയിലെത്തുമ്പോള്‍ ജില്ലയുടെ സമ്പന്നമായ ശാസ്ത്രപൈതൃകത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി മേള മാറും. 17 ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രഗത്ഭ വൈദ്യന് ഇട്ടി അച്യുതന് മുതല്‍ ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. എസ് സോമനാഥ് വരെ നീളുന്ന ശാസ്ത്രലോകത്തെ പ്രതിഭകളുടെ നീണ്ടനിരയുണ്ട് ജില്ലയുടെ അഭിമാനമായി. മേളയുടെ ഭാഗമായി ജില്ലയിലെത്തുന്ന പുതുതലമുറയിലെ ശാസ്ത്രതല്പരരായ കുട്ടികള്‍ക്ക് ഈ സമ്പന്നമായ ശാസ്ത്രെൈപതൃകം ഊര്‍ജം പകരുന്ന രീതിയിലാണ് പരിപാടികളും സംഘടിപ്പിച്ചിരിക്കുന്നത്.
കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചുള്ള സമഗ്രവിവരങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 'ഹോര്‍ത്തൂസ് മലബാറിക്കസ്' എന്ന ഗ്രന്ഥത്തിന്റെ രചനയില്‍ മുഖ്യപങ്കുവഹിച്ച പ്രഗത്ഭ നാട്ടുവൈദ്യന് ഇട്ടി അച്യുതന് ചേര്‍ത്തല കടക്കരപ്പള്ളിയിലെ കൊല്ലാട്ട് കുടംബക്കാരനായിരുന്നു. കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രി വാന്‍ റീഡ് സമാഹരിച്ച ഹോര്‍ത്തൂസ് മലബാറിക്കസില്‍ പരാമര്‍ശിക്കുന്ന സസ്യലതാദികളെക്കുറിച്ചുള്ള വിവരങ്ങളുടെ ആധികാരികത തെളിയിക്കാന്‍ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയ സാക്ഷ്യപത്രങ്ങളിലൊന്ന് ഇട്ടി അച്യുതന്റേതാണ്. നമ്മുടെ നാട്ടിലെ അപൂര്വസസ്യജാലത്തെ ലോകശ്രദ്ധയിലെത്തിച്ച ഇട്ടി അച്യുതന് വൈദ്യരുടെ ചേര്‍ത്തല കടക്കരപ്പള്ളിയിലെ സ്മൃതി കുടീരത്തില്‍ നിന്നാണ് ശാസ്ത്രമേളയുടെ പതാകജാഥ ആരംഭിക്കുന്നതും.
ഹരിതവിപ്ലവത്തിന്റെ നായകനായ കൃഷി ശാസ്ത്രജ്ഞന് എം.എസ്.സ്വാമിനാഥനും ആലപ്പുഴയുടെ മഹത്തായ സംഭാവനയാണ്. കുട്ടനാട്ടിലെ മങ്കൊമ്പിലെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നാണ് മേളയുടെ ദീപശിഖാ റാലി ആരംഭിക്കുന്നത്. ഡോ. മങ്കൊമ്പ് കെ സാംബശിവന്റേയും തങ്കത്തിന്റെയും മകനായ ഡോ. സ്വാമിനാഥന്റെ ഗവേഷണ പരിശ്രമങ്ങളുടെ ഫലമായി വികസിപ്പിച്ചെടുത്ത അത്യുപാദനശേഷിയുള്ള വിത്തുകളാണ് ഒട്ടേറെ രാജ്യങ്ങളെ പട്ടിണിയില്‍ നിന്ന് കരകയറ്റിയത്. ഇന്ത്യയുടെ മിസൈല്‍ വനിത എന്നറിയപ്പെടുന്ന ഡോ. ടെസ്സി തോമസും ആലപ്പുഴയുടെ അഭിമാനമാണ്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ശേഷിയുള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റിയ അഗ്നി മിസൈലിന്റെ അമരാക്കാരിയായ ഡോ. ടെസി ഡി ആര് ഡി ഒ സാങ്കേതിക വിഭാഗത്തില്‍ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തെത്തിയ രണ്ടാമത്തെ വനിതയുമാണ്. ആലപ്പുഴ തത്തംപള്ളി തൈപ്പറമ്പില്‍ ടി ജെ തോമസിന്റെയും കുഞ്ഞമ്മയുടെയും മകളായ ടെസി സാധാരണ കുടുംബത്തില്‍ ജനിച്ച് ശാസ്ത്ര പഠനം കൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ വനിതയാണ്.
ആധുനിക വൈദ്യശാസ്ത്രത്തിന് കേരളം നല്കിയ വലിയ സംഭാവനയായ ഡോ. എംസ് വല്യത്താനും ആലപ്പുഴക്കാരനാണ്. ഹൃദയശസ്ത്രക്രിയാവിദഗ്ധനും മെഡിക്കല്‍ സാങ്കേതികവിദ്യക്ക് ശ്രദ്ധേയമായ സംഭാവന നല്കിയ വ്യക്തിയുമായ അദ്ദേഹം മാര്‍ത്താണ്ഡവര്‍മയുടെയും ജാനകി വര്‍മയുടെയും മകനായി മാവേലിക്കരയിലാണ് ജനിച്ചത്.
ഐഎസ്ആര്‍ഒ ചെയര്‍മാനായ ഡോ. എസ് സോമനാഥ് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ മുന്ഡയറക്ടറുമായിരുന്നു. റോക്കറ്റ് സാങ്കേതികവിദ്യയിലും രൂപകല്പനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലും മുഖ്യപങ്കുവഹിച്ചിട്ടുള്ള ആലപ്പുഴ തുറവൂര്‍ സ്വദേശിയായ അദ്ദേഹം ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭൗമശാസ്ത്രജ്ഞനായിരുന്ന ഇല്ലിപ്പറമ്പില്‍ കേര ചാക്കോയാണ് ജില്ലയിലെ മറ്റൊരു ശാസ്ത്രപ്രതിഭ. കുട്ടനാട്ടിലെ പുളിങ്കുന്നില്‍ ജനിച്ച അദ്ദേഹം ലണ്ടന്‍ ഇംപീരിയല്‍ കോളേജ് വിദ്യാര്‍ഥിയായിരുന്നു. ഭാഷാശാസ്ത്രജ്ഞന്‍ കൂടിയായ അദ്ദേഹം കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരത്തിന് അര്‍ഹനായ രണ്ടാമത്തെ വ്യക്തികൂടിയാണ്. കായല്‍ കൃഷിയുടെ ഉപജ്ഞാതാക്കളിലൊരാളായ പള്ളിത്താനം ലൂക്കാ മത്തായിയും കുട്ടനാട് കൈനാടി സ്വദേശിയായിരുന്നു. തിരുവിതാംകൂര്‍ പ്രജാസഭ അംഗമായിരുന്ന അദ്ദേഹം കുട്ടനാട്ടിലെ കൂട്ടുകൃഷി പ്രസ്ഥാനത്തിന്റെ അമരക്കാരനും കുട്ടനാട് കര്‍ഷക സംഘത്തിന്റെ സ്ഥാപകനുമാണ്. ഇനിയും ഒട്ടേറെ പ്രമുഖര്‍ ഈ നിരയിലുണ്ട്.
14 വര്‍ഷത്തിനുശേഷം ജില്ലയിലെത്തുന്ന ശാസ്ത്രമേളയുടെ വേദികള്‍ പ്രമുഖ ശാസ്ത്രജ്ഞരുടെ പേരിലാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ ശാസ്ത്രമേളയുടെ ചരിത്രത്തിലാദ്യമായി ശാസ്ത്രസംവാദവും സംഘടിപ്പിച്ചിട്ടുണ്ട്. ശാസ്ത്രസംവാദത്തില്‍ ഡോ. എസ് സോമനാഥ്, ഡോ. ടെസി തോമസ്, ഡോ. എം മോഹന്‍, ജോയ് സെബാസ്റ്റ്യന്‍, ഡോ. കാര്ത്തികേയന് നായര്‍, ഡോ. അഭിലാഷ് എന്നിവര്‍ പങ്കെടുക്കും.
- Log in to post comments