ശാസ്ത്രോത്സവത്തിനെത്തുന്നവര്ക്ക് വഴി തെറ്റില്ല...
ആലപ്പുഴയിലെത്തി വഴിതെറ്റിയെന്ന് ഇനി ആരും പറയരുത്..സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 15 മുതല്‍ 18 വരെ ആലപ്പുഴയില്‍ നടക്കുമ്പോള്‍ വിവിധ ജില്ലകളില്‍ നിന്നും മേളയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് വേദികളിലേക്കും താമസകേന്ദ്രങ്ങളിലേക്കും കൃത്യമായി സഞ്ചരിക്കാന്‍ ഓണ്‍ലൈന്‍ മാപ്പ് തയ്യാറാക്കിയിരിക്കുകയാണ് എ കെ എസ് ടി യു അധ്യാപക സംഘടന നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രോഗ്രാം കമ്മിറ്റി. ശാസ്ത്രോത്സവത്തിന്റെ പ്രധാനപ്പെട്ട നാലു വേദികളും 20 താമസകേന്ദ്രങ്ങളും ബന്ധിപ്പിച്ചുള്ള ശാസ്ത്രമേള ഗൂഗിള്‍ മാപ്പാണ് തയ്യാറാക്കിയിട്ടുള്ളത്. മാപ്പിന്റെ പ്രകാശന കര്‍മ്മം ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീലതയ്ക്ക് ഗൂഗിള്‍ മാപ്പ് ലിങ്ക് അയച്ചുകൊണ്ട് പി പി ചിത്തരഞ്ജന് എംഎല്‍എ നിര്‍വഹിച്ചു. സെന്റ് ജോസഫ് സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ ഉണ്ണി ശിവരാജന് സ്വാഗതം ആശംസിച്ചു. ആലപ്പുഴ മുനിസിപ്പാലിറ്റി ക്ഷേമകാര്യ അധ്യക്ഷന്‍ നസീര്‍ പുന്നക്കല്‍, സെന്റ് ജോസഫ് സ്കൂള്‍ പ്രഥമധ്യാപിക സിസ്റ്റര്‍ ജിജി അലക്സാണ്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ എസ് സുമേഷ്, മീഡിയ കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് ഫൈസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മല്‍സരത്തില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ലൊക്കേഷന്‍ അടങ്ങിയ ഗൂഗിള്‍ മാപ്പ് ലിങ്ക് വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി പങ്കുവെക്കും. ഇതുവഴി വേദികളിലേക്കും താമസകേന്ദ്രങ്ങളിലേക്കും എത്തിച്ചേരുന്നതിലെ ആശയക്കുഴപ്പം ഒഴിവാക്കാനാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.
(പി.ആര്/എ.എല്‍.പി./2322)
- Log in to post comments