Skip to main content

ശാസ്ത്രമേളയില്‍ ഇക്കുറി കരിയര്‍ എക്‌സ്‌പോയും...

സംസ്ഥാനസ്‌കൂള്‍ ശാസ്ത്രമേളയുടെ ചരിത്രത്തില്‍ ആദ്യമായി ഇക്കുറി കരിയര്‍ എക്‌സ്‌പോയും മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നു. ലോകത്ത് അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഉപരിപഠനത്തിന്റെയും ജോലി സാധ്യതകളുടെയും വാതായനങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി തുറന്നുനല്‍കുവാനാണ് ശാസ്‌ത്രോത്സവത്തിനൊപ്പം ഇത്തവണ കരിയര്‍ എക്‌സ്‌പോയും സംഘടിപ്പിക്കുന്നത്. നവംബര്‍ 16, 17 തീയതികളില്‍ ലിയോ തേര്‍ട്ടീന്ത് എച്ച്.എസ്.എസില്‍  നടക്കുന്ന കരിയര്‍ സെമിനാറും കരിയര്‍ എക്‌സ്‌പോയും ഇത്തവണത്തെ സ്‌കൂള്‍ ശാസ്ത്രമേയുടെ പ്രധാന ആകര്‍ഷണമാകും.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി 16ന് രാവിലെ 10.30 ന്  കരിയര്‍ സെമിനാറും ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രിയും സംഘാടക സമിതി ചെയര്‍മാനുമായ സജി ചെറിയാന്‍ 11 മണിക്ക്  കരിയര്‍ എക്‌സ്‌പോയും ഉദ്ഘാടനം ചെയ്യും.
കരിയര്‍ വിദഗ്ദ്ധന്‍ രതീഷ് കുമാര്‍ എസ് കരിയര്‍ സെമിനാര്‍ നയിക്കും. കുസാറ്റ്, അസാപ്, ടെക്‌നോപാര്‍ക്ക്, ഒഡെപെക്, സിമെറ്റ്, നോര്‍ക്ക-റൂട്ട്‌സ്, കേരള യൂണിവേഴ്‌സിറ്റി, എം ജി യൂണിവേഴ്‌സിറ്റി, കേരള നോളജ് ഇക്കോണമി മിഷന്‍, കെ ഡിസ്‌ക്, സ്‌കോള്‍ കേരള തുടങ്ങി 15 സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്  കരിയര്‍ എക്‌സ്‌പോയില്‍  പങ്കെടുക്കുന്നത്. സെമിനാറിന് ശേഷം കരിയര്‍ വിദഗ്ദ്ധന്‍ രതീഷ്‌കുമാറിന്റെ സേവനം രണ്ട് ദിവസം സ്റ്റാളില്‍ ഉണ്ടായിരിക്കും. സ്റ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഉപരിപഠന സംബന്ധമായ സംശയങ്ങളും പരിഹരിക്കാന്‍ അവസരമുണ്ടാകും. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് അവരവരുടെ അഭിരുചി മനസിലാക്കി അനുയോജ്യമായ ഉപരിപഠന മേഖല തിരഞ്ഞെടുക്കുന്നതിന് സഹായകരമായ കരിയര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്  നടത്താനുള്ള സൗകര്യവും ലഭ്യമാകും. ഉപരിപഠനമായി ബന്ധപ്പെട്ട കോഴ്‌സുകള്‍, വിവിധ സര്‍വകലാശാലകള്‍, വിവിധ തൊഴില്‍ സാധ്യതകള്‍ മുതലായവയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഡിജിറ്റല്‍ ഡിസ്‌പ്ലേയും കരിയര്‍ എക്‌സ്‌പോയില്‍ ഒരുക്കും.
സംസ്ഥാനസ്‌കൂള്‍ ശാസ്ത്രമേളയോടനുബന്ധിച്ചുള്ള കരിയര്‍ എക്‌സിബിഷനില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ അടങ്ങുന്ന ക്യു ആര്‍ കോഡ് മന്ത്രി വി. ശിവന്‍കുട്ടി ചൊവാഴ്ച്ച തിരുവനന്തപുരത്ത് പ്രകാശനം ചെയ്തിരുന്നു. 
(പി.ആര്‍/എ.എല്‍.പി./2323)

date