പ്രമേഹദിനം: ആരോഗ്യപ്രവർത്തകർക്കായി ഇന്നു സൂംബ നൃത്ത മത്സരം
ലോക പ്രമേഹദിനത്തോടനുബന്ധിച്ചു നവംബർ 14ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകരുടെ ജില്ലാതല സൂംബ നൃത്തമത്സരം സംഘടിപ്പിക്കുന്നു. നവംബർ 14 രാവിലെ ഒൻപതുമണിമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിലാണ് മത്സരം.
ആരോഗ്യപ്രവർത്തകരുടെ ആരോഗ്യം സംരക്ഷിക്കാൻ വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സൂംബ മത്സരം.
ഉച്ചക്ക് 2 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പൊതുസമ്മേളന ഉദ്ഘാടനവും സമ്മാനദാനവും നിർവ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ മുഖ്യാതിഥിയാകും. ആർപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ് അധ്യക്ഷത വഹിക്കും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വർഗീസ് പുന്നൂസ്, സൂപ്രണ്ട് ഡോ. ടി.കെ ജയകുമാർ തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തും.
ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും സൂംബ ഡാൻസ് പരിശീലനം ആരംഭിക്കാൻ 2023 പ്രമേഹ ദിനത്തിൽ നിർദ്ദേശം നൽകിയിരുന്നു. ബ്ലോക്ക് തല വിജയികളായ 23 ടീമുകളാണ് ജില്ലാതലത്തിൽ മത്സരിക്കുക.
പ്രമേഹം, രക്താതിമർദം തുടങ്ങിയ ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിച്ച് നിർത്തുന്നതിൽ വ്യായാമത്തിനു വലിയൊരു പങ്കുണ്ട്. പ്രമേഹ ബാധിതർ ഭക്ഷണം നിയന്ത്രിക്കുന്നതിനോടൊപ്പം വ്യായാമം ചെയ്യുന്നത് പ്രമേഹത്തിന്റെ പ്രത്യാഘാതങ്ങൾ തടയാൻ സഹായിക്കും. ഒറ്റക്ക് വ്യായാമം ചെയ്യുന്നത് പലരിലും മടുപ്പുളവാക്കുന്നതിനാൽ കൂട്ടായും സംഗീതത്തിന്റെ പശ്ചാത്തലത്തിലും ചെയ്യന്നത് വ്യായാമം രസകരം ആക്കും എന്നതാണ് സൂംബ ഡാൻസ് പ്രോത്സാഹിപ്പിക്കുന്നതിന്റെ അടിസ്ഥാനം. നീന്തൽ, ദിവസേനയുള്ള നടത്തം, മറ്റു കായിക ഇനങ്ങൾ തുടങ്ങിയവയും പ്രമേഹം നിയന്ത്രിക്കുന്നതിനും തടയുന്നതിനും സഹായിക്കും.
- Log in to post comments