Skip to main content

ബാലാവകാശ വാരാഘോഷത്തിന് ഇന്നു തുടക്കമാകും; ശിശുദിനത്തിൽ ലഹരിവിരുദ്ധ കൂട്ടനടത്തം

വനിതാ-ശിശു വികസന വകുപ്പിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തിൽ നവംബർ 14 മുതൽ 20 വരെ ബാലാവകാശ വാരാഘോഷ പരിപാടികൾ സംഘടിപ്പിക്കും. ശിശുദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് (വ്യാഴാഴ്ച, നവംബർ 14) ലഹരി വിരുദ്ധ കൂട്ടനടത്തം (വാക്കത്തോൺ) സംഘടിപ്പിക്കും.  രാവിലെ ഒൻപതിന്  ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ബാലാവകാശ വാരാഘോഷത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിക്കും. ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്  കൂട്ടനടത്തം  ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് തിരുനക്കര ഗാന്ധി ചത്വരത്തിലേക്കാണ് കൂട്ടനടത്തം.  ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ. അരുൺ കുര്യൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ശിശുസംരക്ഷണ ഓഫീസർ സി.ജെ. ബീന, അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് വിനോദ്പിള്ള എന്നിവർ പങ്കെടുക്കും.
രാവിലെ 10ന് തിരുനക്കര ഗാന്ധി ചത്വരത്തിൽ നടക്കുന്ന ചടങ്ങിൽ നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ മുഖ്യാതിഥിയാകും. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. ജയചന്ദ്രൻ മുഖ്യസന്ദേശം നൽകും. ജില്ലാ വനിത-ശിശുവികസന ഓഫീസർ റ്റിജു റേച്ചൽ തോമസ്, ചൈൽഡ് ഹെൽപ് ലൈൻ കോ-ഓർഡിനേറ്റർ ജസ്റ്റിൻ മൈക്കിൾ എന്നിവർ പങ്കെടുക്കും. കൂട്ടനടത്തത്തിൽ കോട്ടയം ബി.സി.എം. കോളജ്, മേരി കാതറിൻ സ്‌കൂൾ ഓഫ് നഴ്‌സിങ് കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ പങ്കെടുക്കും. ഫ്‌ളാഷ് മോബും തെരുവുനാടകവും അരങ്ങേറും.  

date