Skip to main content

ട്രാൻസ്‌ജെൻഡേഴ്‌സിനെ ഉൾക്കൊള്ളൽ: ദേശീയ സെമിനാർ നടത്തി

ട്രാൻസ്‌ജെൻഡേഴ്‌സിനെ പൊതുസമൂഹത്തിൽ ഉൾക്കൊള്ളുന്നതിലുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച ദേശീയ സെമിനാർ കണ്ണൂർ ശ്രീപുരം സ്‌കൂൾ ഹാളിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്തു. നാം പൊതുവേ മറ്റു ലിംഗത്തെ കാണുന്നു എന്ന് ആലോചിക്കുമ്പോഴാണ് ട്രാൻസ്‌ജെൻഡർ സമൂഹത്തെ ഉൾക്കൊള്ളാൻ എന്തുകൊണ്ട് കഴിയുന്നില്ല എന്നതിന് മറുപടി ലഭിക്കുകയെന്ന് കലക്ടർ പറഞ്ഞു. നമ്മുടെ നാട്ടിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ച് ക്ലാസ് മുറിയിൽ ഇരിക്കാനോ ഒരുമിച്ച് കളിക്കാനോ ഒരുമിച്ച് ഒരു ഹോസ്റ്റലിൽ താമസിക്കാനോ പറ്റുന്നില്ല. സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനം നേടുന്ന സ്ത്രീകളും പുരുഷൻമാരും ഒരേ ഹോസ്റ്റലിലാണ് താമസിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിച്ചു. ഇതര ലിംഗത്തോടുള്ള നമ്മുടെ സമീപനത്തിന്റെ തുടർച്ചയാണ് ട്രാൻസ്‌ജെൻഡേഴ്‌സും അനുഭവിക്കുന്നത്.  
പഠന കാര്യത്തിൽ പോലും ട്രാൻസ്‌ജെൻഡർ സമൂഹത്തിൽപ്പെടുന്നവർക്ക് കിട്ടുന്ന അവസരങ്ങൾ പലപ്പോഴും പരിമിതമാണ്. ആൺകുട്ടികളും പെൺകുട്ടികളും വെവ്വേറെ ഇരിക്കുമ്പോൾ അവരെ എവിടെ ഇരുത്തും എന്ന കാര്യത്തിൽ നമുക്ക് തന്നെ സംശയമാണ്. പഠനം കഴിഞ്ഞാൽ ജോലിയിലേക്ക് പോവുക എന്നുള്ളതും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പൊതുവേ വിവേചനം അനുഭവിക്കുന്ന വ്യക്തിക്ക് ജോലി അല്ലെങ്കിൽ സംരംഭം തുടങ്ങുക എന്നത് അതിനേക്കാൾ വലിയ ബുദ്ധിമുട്ടായിരിക്കും. അതിനുള്ള ശാക്തീകരണം നൽകേണ്ടതിനെക്കുറിച്ച് ആലോചിക്കണമെന്നും കലക്ടർ പറഞ്ഞു.
കണ്ണൂർ കോർപറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൻ ഷമീമ ടീച്ചർ അധ്യക്ഷയായി. ജില്ലാ സാമൂഹ്യനീതി ഓഫീസർ പി ബിജു, പീസ് ആൻഡ് ഹാർമണി ഫൗണ്ടേഷൻ ഡയറക്ടർ സണ്ണി തോട്ടപ്പള്ളി, സിവൈഡിഎ പ്രൊജക്ട് മാനേജർ ചന്ദൻ കുമാർ, ഇൻക്ലൂഷൻ യൂനിറ്റ് ഹെഡ് ഡോ. പ്രീതേഷ് കാംബ്ലേ, ട്രാൻസ്‌ജെൻഡർ സെൽ കേരള സ്‌റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ ഡോ. ശ്യാമ എസ് പ്രഭ, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് പ്രൊഫസർ ഡോ. എ കെ ജയശ്രീ, ജീവനസംസ്‌കൃതി ഡയറക്ടർ ഡോ. ജെ ജെ പള്ളത്ത്, സിഡബ്ല്യുസി കണ്ണൂർ അംഗം അഡ്വ. ഹംസക്കുട്ടി, സ്‌റ്റേറ്റ് ടിജി ജസ്റ്റിസ് ബോർഡ് മെംബർമാരായ പിഎം സാജിദ്, കാഞ്ചി ബാബ, ട്രാൻസ് വുമൻ മനീഷ, ട്രാൻസ്‌മെൻ ജയ്‌സൺ ആലിസ്, ഡിറ്റോ സെബാസ്റ്റിയൻ എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു. കോളജ് വിദ്യാർഥികൾ, ട്രാൻസ്‌ജെൻഡർ വ്യക്തികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

date