Skip to main content

ഭിന്നശേഷി കുട്ടികളുടെ സംഗീത ട്രൂപ്പ് രാഗലയം ഉദ്ഘാടനം 14ന്

സമഗ്രശിക്ഷാ കേരളം ജില്ലാ സ്പെസിഫിക് ഇന്നവേറ്റീവ് പ്രോഗ്രാമിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയായ രാഗലയം സംഗീത ട്രൂപ്പിന്റെ ഉദ്ഘാടനം നവംബർ 14ന് രാവിലെ 11 മണിക്ക് കണ്ണൂർ ശിക്ഷക് സദനിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാവും. ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയാകും. ഇൻക്ലൂസീവ് സ്പോർട്സിൽ സംസ്ഥാനതലത്തിൽ പങ്കെടുത്ത കുട്ടികളെ അനുമോദിക്കും. എംപിമാരായ വി ശിവദാസൻ, പി സന്തോഷ് കുമാർ, കെ വി സുമേഷ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി ചെയർപേഴ്‌സൻ അഡ്വ. കെ കെ രത്നകുമാരി, കോർപറേഷൻ സ്ഥിരം സമിതി ചെയർമാൻ സുരേഷ്ബാബു എളയാവൂർ എന്നിവർ സംബന്ധിക്കും.
ജില്ലയിലെ സംഗീത അധ്യാപകരുടെയും സ്പെഷ്യൽ എജുക്കേറ്റർമാരുടെയും നേതൃത്വത്തിലാണ് പരിശീലനങ്ങൾ നടത്തിയത്. ഭിന്നശേഷി കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ വിവിധ ബിആർസികളിൽ നിന്ന് സംഗീതത്തിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തിയാണ് രാഗലയം ട്രൂപ്പ് രൂപീകരിച്ചത്. ജില്ലയിലെ സ്പെഷ്യൽ എജുക്കേറ്റർമാർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ, ട്രെയിനർമാർ എന്നിവരുടെ നേതൃത്വത്തിലാണ് ട്രൂപ്പിന്റെ സംഘാടനം. ഇത് ഭിന്നശേഷി കുട്ടികളിൽ ഉണ്ടാക്കിയ മാറ്റം രക്ഷിതാക്കൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. 2024-25 വർഷത്തെ ജില്ലാതല സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് രാഗലയം ട്രൂപ്പ് ഒരുക്കിയ സംഗീത വിരുന്ന് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.
 

date