Skip to main content
,

"ചിന്ന ചിന്ന ആശൈ" പദ്ധതി തുടരും : ജനങ്ങൾക്ക് നന്ദി പറഞ്ഞ് ജില്ലാഭരണകൂടം

പൊതുജനങ്ങളുടെ സഹകരണംകൊണ്ട് വൻവിജയമായ " ചിന്ന ചിന്ന ആശൈ" പദ്ധതി തുടരുമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി. വയോജനങ്ങൾക്കുള്ള സഹായങ്ങളും പദ്ധതിയിലൂടെ ലഭ്യമാക്കുന്നതിന് ശ്രമിക്കും. ഇത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ വൈകാതെ അറിയിക്കും. പദ്ധതി ആരംഭിച്ച് നാല് ദിവസംകൊണ്ട് 1080 കുട്ടികളുടെ ചുണ്ടുകളിൽ പുഞ്ചിരിവിരിയിക്കാൻ സഹായിച്ച ജനങ്ങളോട് നന്ദിയുണ്ടെന്നും , തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും കളക്ടർ  പറഞ്ഞു.

പലർക്കും സഹായിക്കാനുള്ള മനസ്ഥിതി ഉണ്ട്. എന്നാൽ അർഹമായ കൈകളിൽ അത് എങ്ങനെ ലഭ്യമാക്കും എന്നതിലാണ് അവരുടെ ആശങ്ക. അത് മനസിലാക്കിയിട്ടാണ് ജില്ലാ ഭരണകൂടം ഇത്തരത്തിലൊരു പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. വനിതാ ശിശുവികസന വകുപ്പിന്  കീഴിലുള്ള ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്  പരിശോധിച്ച ശേഷമാണ് ചൈൽഡ് ഹോമുകളെ തിരഞ്ഞെടുത്തിട്ടുള്ളത്. സമ്മാനങ്ങൾ കൃത്യമായി കുട്ടികളുടെ കൈകളിൽ കിട്ടുമെന്ന്  ഉറപ്പാക്കിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

വസ്ത്രങ്ങൾ , വാച്ചുകൾ , സ്‌കൂൾബാഗുകൾ ,കുട , ഷൂസ് ,സ്പോർട്സ് ഉപകരണങ്ങൾ ,കളിപ്പാട്ടങ്ങൾ എന്നിങ്ങനെ ഇരുപത്തിയേഴ് ഇനങ്ങളിലായുള്ള കുട്ടികളുടെ ആഗ്രഹങ്ങളാണ് ജനങ്ങൾ സാധിച്ചുനൽകിയത്.
448 പേർ ഓൺലൈൻ ഇ കാർട്ടിലൂടെയും,274 പേർ ചൈൽഡ് ഹോമുകളിൽ നേരിട്ടും, 189 പേർ കൊറിയർ മുഖേനെയും ,169  പേർ കലക്ടറേറ്റ് , താലൂക്കുകൾ എന്നിവിടങ്ങളിലെ കളക്ഷൻ സെന്റർ മുഖേനെയും സമ്മാനങ്ങൾ എത്തിച്ചു. വിവിധ സ്ഥലങ്ങളിലായി ലഭിച്ച സമ്മാനങ്ങൾ തരം തിരിച്ച് അടുത്ത ദിവസം തന്നെ  ചൈൽഡ് ഹോമുകളിലെ കുട്ടികളുടെ കൈകളിലെത്തിക്കും. ഓൺലൈൻ പർച്ചേസുകൾ നേരിട്ട് ലഭിക്കുന്നതിന് സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

സമ്മാനങ്ങൾ നേരിട്ട് നൽകാൻ ആഗ്രഹിച്ചവർക്ക് ശിശുദിനത്തിൽ വൈകീട്ട് 4. 30 മുതൽ 8 വരെ അതത് ചൈൽഡ് ഹോമുകളിൽ സൗകര്യം നൽകി. ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ പ്രത്യേക അനുമതിയോടുകൂടിയാണ് അവസരം ഒരുക്കിയത്.

ഇനിയും സമ്മാനങ്ങൾ നൽകണമെന്ന് ആഗ്രഹമുള്ളവർക്ക് ടെലിവിഷൻ ,സൈക്കിൾ പോലെ ചൈൽഡ് ഹോമുകളിലെ കുട്ടികൾക്ക് പൊതുവിൽ ഉപയോഗിക്കാൻ കഴിയുന്നവ കളക്ടറേറ്റിലോ താലൂക്കുകളിലെ കളക്ഷൻ സെൻററുകളിലോ നേരിട്ട് എത്തിക്കാമെന്നും കളക്ടർ അറിയിച്ചു.

ചിത്രം: കലക്ടറേറ്റിലെ " ചിന്ന ചിന്ന ആശൈ" കളക്ഷൻ സെന്ററിൽ ജില്ലാ കളക്ടർ വി വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ  വോളന്റിയർമാർ വിവിധ ചൈൽഡ് ഹോമുകളിലേക്കുള്ള സമ്മാനങ്ങൾ തരം തിരിക്കുന്നു.
 

date