Skip to main content

നമ്മുടെ കാസറഗോഡ്; പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളുമായ ജില്ലാ കളക്ടര്‍ സംവദിച്ചു

നമ്മുടെ കാസറഗോഡ് പരിപാടിയുടെ ഭാഗമായി ശിശുദിനത്തില്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍.  പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിലെ 11, 12 ക്ലാസുകളിലെ 15 വിദ്യാര്‍ത്ഥികളുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. കാസര്‍കോട്് ജില്ലയുടെ വിനോദ സഞ്ചാര മേഖല സംബന്ധിച്ചാണ്  വിദ്യാര്‍ത്ഥികള്‍ ആദ്യമായി ജില്ലാ കളക്ടറോട് സംവദിച്ചത്. വിനോദ സഞ്ചാര സാധ്യതയുള്ള അച്ചങ്കല്ല് വെള്ളച്ചാട്ടം, കോട്ടഞ്ചേരി മലകള്‍, മഞ്ഞംപൊതിക്കുന്ന്, ചന്ദ്രഗിരി കോട്ട, അനന്തപുരം ക്ഷേത്രം, അടുക്കത്തൊട്ടി തൂക്കുപാലം തുടങ്ങി വിവിധ പ്രദേശങ്ങള്‍ ജില്ലയിലുണ്ടെങ്കിലും അവയ്ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്നും അത്തരം പ്രദേശങ്ങളെ കണ്ടെത്തി വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിദ്യാലയങ്ങളിലെ സംരംഭകത്വ വികസനം, നൈപുണ്യ പരിശീലനം എന്നിവയുടെ പ്രാധാന്യത്തെപ്പറ്റി വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പറഞ്ഞു.

നിര്‍മ്മിത ബുദ്ധി പോലുള്ള നൂതന സാങ്കേതിക വിദ്യകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ഒരു എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍  ജില്ലാ കലോത്സവത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുവാന്‍ പോകുന്ന ജില്ലാ തല വ്യവസായ പ്രദര്‍ശന വിപണന മേളയില്‍ നൂതന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭക ആശയങ്ങളുണ്ടെങ്കില്‍ ഉള്‍പ്പെടുത്തുന്നതാണെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത് കുമാര്‍ അറിയിച്ചു.

മംഗലംകളി പോലുള്ള  ജില്ലയുടെ തനത് കലാരൂപങ്ങളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തണമെന്നും  ഡിസംബര്‍  നടക്കുവാന്‍ പോകുന്ന ബേക്കല്‍ ബീച്ച് ഫെസ്റ്റിവലില്‍ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.ഉന്നത വിദ്യാഭ്യാസ മേഖല സംബന്ധിച്ച് ഗ്രാമ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണം നടത്തേണ്ടതുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കാര്‍ഷിക മേഖലയിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കേണ്ടതുണ്ടെന്നും മേഖലയിലെ തൊഴില്‍ സാധ്യതകളെപ്പറ്റി വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം  നല്‍കണമെന്നും വിദ്യാര്‍ത്ഥികള്‍ അഭിപ്രയപ്പെട്ടു. അന്താരാഷ്ട്ര തലത്തില്‍ കാര്‍ഷിക  മേഖലയിലുള്ള ചലനങ്ങള്‍ കൂടി അറിഞ്ഞിരിക്കണമെന്നും കാര്‍ഷിക രംഗമെന്നത്  കല,ശാസ്ത്രം,ബിസിനസ്  എന്നിവയുടെ സമന്വയമാണെന്നും ജില്ലാ കളക്ടര്‍ അഭിപ്രായപ്പെട്ടു.

റബ്ബര്‍ കൃഷി കൂടുതലായുള്ള ഈസ്റ്റ് എളേരി,വെസ്റ്റ് എളേരി പോലുള്ള പഞ്ചായത്തുകളിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന മുപ്ലി വണ്ട്  (ഓട്ടുറുമ) ശല്യത്തിന് പരിഹാരമുണ്ടാക്കണമെന്ന്  വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. പ്രദേശത്തെ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കുവാന്‍ എന്റമോളജിസ്റ്റിനെ ചുമതലപ്പെടുത്തുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date