പേവിഷ ബാധ ദിനം ജില്ലാതല ഉദ്ഘാടനം
ലോക പേവിഷ ബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആലുവ ജില്ലാ ആശുപത്രിയില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ആലുവ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ എം.ഒ. ജോണ്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ എല്‍സി ജോര്‍ജ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ചടങ്ങില്‍ എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ.കെ ആശ മുഖ്യ പ്രഭാഷണം നടത്തി. പേവിഷ ബാധയും പ്രതിരോധവും എന്ന വിഷയത്തെ സംബന്ധിച്ച് മെഡിക്കല്‍ ഓഫീസര്‍ ഡോ ഷീജ ശ്രീനിവാസ് സെമിനാര്‍ നയിച്ചു. ജില്ലാ പ്രോഗ്രം മാനേജര്‍ ഡോ പി. എസ് ശിവ പ്രസാദ് റാബീസ് ദിന സന്ദേശം നല്‍കി.
പേവിഷബാധ പ്രതിരോധം തടസ്സങ്ങളുടെ അതിരുകള്‍ ഭേദിക്കാം എന്നതാണ് 2024 ലെ പേ വിഷബാധ ദിന സന്ദേശം. ജാഗ്രതയോടുകൂടിയുള്ള ഇടപെടലുകള്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിനും ആരോഗ്യ സംരക്ഷണത്തിലും വളരെയധികം പ്രധാനമാണ്. ഇന്ത്യയില്‍ ഏകദേശം 20,000 പേര്‍ പ്രതിവര്‍ഷം പേ വിഷബാധ മൂലം മരിക്കുന്നു. പേവിഷബാധയെ കുത്തിവയ്പ്പിലൂടെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നു അവബോധം സൃഷ്ടിക്കുക എന്നതാണ് ദിനാചരണ ലക്ഷ്യം.
പേവിഷബാധ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്സ് മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും, ജില്ലാതല ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മ്മാണ വിജയികള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം എം എല്‍ എ നിര്‍വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങള്‍ മുഖേന ഫ്‌ളാഷ് മോബ്, ടാബ്ലോ അടക്കമുള്ള വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിച്ചിട്ടുണ്ട്.
മൃഗങ്ങളുടെ കടിയേറ്റാല്‍
വളര്‍ത്തു മൃഗങ്ങളായ പട്ടി, പൂച്ച എന്നിവയില്‍ നിന്നാണ് 99%പേര്‍ക്കും പേവിഷബാധയുണ്ടാകുന്നത്. കുരങ്ങ്, അണ്ണാന്‍, കുറുക്കന്‍, ചെന്നായ എന്നിവയിൽ നിന്നും പേവിഷബാധ ഉണ്ടാകാറുണ്ട്.
മൃഗങ്ങളില്‍ നിന്നുള്ള മാന്തലോ, പോറലോ, കടിയോ ഏല്‍ക്കേണ്ടി വന്നാല്‍ എത്രയും വേഗം സോപ്പിട്ടു കഴുകണം. വെറുതെ കഴുകിയാല്‍ വൈറസിനെ നശിപ്പിക്കാന്‍ സാധിക്കില്ല. സോപ്പിട്ട് 15 മിനിറ്റ് ഒഴുകുന്ന വെള്ളത്തില്‍ കഴുകുക പ്രധാനം. ഉടന്‍തന്നെ ഡോക്ടറെ കണ്ട് രോഗപ്രതിരോധ കുത്തിവെപ്പ് നിശ്ചയിക്കപ്പെട്ട തീയതികളില്‍ കൃത്യമായിത്തന്നെ എടുക്കണം.
മൃഗങ്ങളോട് ഇടപഴകുമ്പോൾ കടിയേല്‍ക്കാതിരിക്കാനും സുരക്ഷിതമായി ഇടപെടാനും ശ്രദ്ധചെലുത്തണം.പേവിഷബാധ ഉണ്ടായാല്‍ അത് ഭേദമാക്കുന്നതിനുള്ള മരുന്നുകള്‍ ഒന്നും തന്നെ ലഭ്യമല്ല. അതിനാല്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് യഥാസമയം പേവിഷ ബാധക്കെതിരായ പ്രതിരോധ കുത്തിവയ്പ്പെടുക്കുക.
വളര്‍ത്തു മൃഗങ്ങളുമായും മറ്റ് മൃഗങ്ങളുമായും നിരന്തരം ഇടപഴകേണ്ട സാഹചര്യമാണെങ്കില്‍ പ്രതിരോധ കുത്തിവെപ്പ് മുന്‍കൂട്ടി എടുത്തിരിക്കണം
- Log in to post comments