Skip to main content

കാസര്‍കോട് ബ്ലോക്കിലെ കുഴല്‍ കിണറുകളുടെയും വിവരം ശേഖരിക്കാന്‍ കുടുംബശ്രീ

ഭൂജല ക്ഷാമത്തില്‍ സെമി ക്രിട്ടിക്കല്‍ ആയ കാസര്‍കോട് ബ്ലോക്കിലെ മുഴുവന്‍ കുഴല്‍ കിണറുകളുടെയും വിവരം ശേഖരിക്കാന്‍ കുടുംബശ്രീയെ ചുമതലപ്പെടുത്തി. വിവര ശേഖരണം ഒരാഴ്ചയ്ക്കകം പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ കുടുംബശ്രീക്ക് നിര്‍ദ്ദേശം നല്‍കി. വിവര ശേഖരണം ഒരാഴ്ചയ്ക്കകം പൂര്‍ത്തീകരിക്കാനാണ് നിര്‍ദ്ദേശം. കുഴല്‍ കിണറുകള്‍ റീചാര്‍ജ് ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായാണ് വിവരശേഖരണം. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജല്‍ ശക്തി അഭിയാന്‍ ജില്ലാതല അവലോകന യോഗത്തിലാണ് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയത്. മൊഗ്രാല്‍പുത്തൂര്‍ .ചെങ്കള പഞ്ചായത്തുകളിലെ കുഴല്‍ കിണറുകളുടെ വിവരശേഖരണം മാത്രമാണ് അവശേഷിക്കുന്നതെന്ന് കുടുംബശ്രീ  ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.  പഞ്ചായത്തുകളിലെ വിവരശേഖരണം ഉടന്‍ പൂര്‍ത്തിയാക്കും.

ജില്ലയിലെ ജലാശയങ്ങളുടെ വിവരങ്ങള്‍ ഡിജിറ്റല്‍ സര്‍വ്വേ രേഖകളുമായി ഒത്തു നോക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. നിലവില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിച്ച വില്ലേജുകളിലെ ജലാശയങ്ങളുടെ വിവരങ്ങള്‍ റവന്യൂ രേഖകളുമായി ഒത്തു നോക്കുന്നതിനും പുഴകള്‍ ഉള്‍പ്പെടെ ജലാശയങ്ങളിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കാനും കളക്ടര്‍ നിര്‍ദേശിച്ചു.  

ജില്ലയിലെ ക്വാറികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഉപേക്ഷിക്കപ്പെട്ട ക്വാറികള്‍ വേലികെട്ടി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിനെ ചുമതലപ്പെടുത്തി. ജലസംരക്ഷണ പ്ലാന്‍ തയ്യാറാക്കുന്നതിന് നവ കേരള മിഷന് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ സുരംഗങ്ങളുടെ വിവരശേഖരണം നടത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉപേക്ഷിക്കപ്പെട്ടതും ഉപയോഗിക്കുന്നതും ആയ സുരങ്കങ്ങളുടെ വിവരശേഖരണം നടത്തുന്നതിനാണ് പഞ്ചായത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇതുവരെ 44 സുരംഗങ്ങളുടെ വിവരങ്ങള്‍ ലഭ്യമായതായി ജോയിന്റ് ഡയറക്ടര്‍  അറിയിച്ചു.

യോഗത്തില്‍ നോഡല്‍ ഓഫീസര്‍ അരുണ്‍ ദാസ്,  ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍  പി.ടി സഞ്ജീവ്, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സ്മിതാ നന്ദിനി, സി.പി.സി.ആര്‍.ഐ കൃഷി വിജ്ഞാന്‍ കേന്ദ്ര മേധാവി ഡോ.മനോജ് കുമാര്‍, അസിസ്റ്റന്റ് ജിയോളജിസ്റ്റ് കെ.റോഷില, ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ വിനോദ് കുമാര്‍, കെ ഗിരീഷ് ദാരിദ്ര്യ ലഘൂകരണ വകുപ്പ് പ്രൊജക്റ്റ് ഡയറക്ടര്‍ ഫൈസി എന്‍.ഐ.സി ജില്ലാ ഓഫീസര്‍ കെ.ലീന, ഭൂജലവകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഒ.രതീഷ് കുടുംബശ്രീ ജില്ലാ പ്രോഗ്രാം ഓഫീസര്‍ രത്‌നേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

date