Skip to main content

ശബരിമല തീര്‍ഥാടനം ജില്ലാ കലക്ടര്‍ അവസാനഘട്ട തയ്യാറെടുപ്പ് വിലയിരുത്തി

ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. ചേമ്പറില്‍ ജില്ലാതല ഉദ്യോഗസ്ഥരുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. തയ്യാറെടുപ്പുകളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാനായി. അവശേഷിക്കുന്നവ അടിയന്തരമായി നടപ്പിലാക്കാനാണ് നിര്‍ദേശം.
റോഡ് പണി പൂര്‍ണമാക്കുമെന്ന് പൊതുമരാമത്ത്, ജലവിഭവ വകുപ്പ് പ്രതിനിധികള്‍ ഉറപ്പ് നല്‍കി.
3,500 ലധികമാണ് സന്നിധാനത്തും മറ്റിടങ്ങളിലുമായുള്ള പൊലിസ് സാന്നിധ്യമെന്ന് പൊലിസ് മേധാവി വ്യക്തമാക്കി. പമ്പയിലും നിലയ്ക്കലിലും ഉള്‍പ്പടെ താത്ക്കാലിക പൊലിസ് സ്റ്റേഷന്‍ ഒരുക്കി. സി സി ടി.വി. നിരീക്ഷണം, പാര്‍ക്കിംഗ് ക്രമീകരണം സുസജ്ജം. അണക്കെട്ടുകളിലും സുരക്ഷ മുന്‍നിറുത്തി പൊലിസ് സാന്നിധ്യമുണ്ടാകും. വൈദ്യുതി ഇന്‍സുലേറ്റഡ് കേബിള്‍ വഴി സുരക്ഷിതമായാണ് നല്‍കുന്നത്. കെ.എസ്.ഇ.ബി 5,000 ലധികം ലൈറ്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. തടസരഹിത വൈദ്യുതിവിതരണം ഉറപ്പാക്കും. താത്ക്കാലിക കണക്ഷനുകള്‍ ആവശ്യാനുസരണം നല്‍കും. കുടിവെള്ളം ആവശ്യാനുസരണം ലഭ്യമാക്കും. ടാങ്കറുകളെ അമിതമായി ആശ്രയിക്കരുത് എന്നാണ് നിര്‍ദേശമുള്ളത്.  അഗ്‌നിസുരക്ഷസേവനം നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവടങ്ങളില്‍ ഉറപ്പാക്കി. ആധുനികസംവിധാനങ്ങള്‍ക്കൊപ്പം സേനാംഗങ്ങളുടെ വിന്യാസവും ശാസ്ത്രീയമായി നിര്‍വഹിക്കും. ഏതു സാഹചര്യവും നേരിടാനാകുംവിധമാകും സേനയുടെ പ്രവര്‍ത്തനം.ആരോഗ്യസംവിധാനങ്ങളും  സജ്ജമാക്കിയിട്ടുണ്ട്. അടിയന്തരചികിത്സ ഉള്‍പ്പടെ നടത്തുന്നതിന് ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ചു. ആംബുലന്‍സ് സൗകര്യം മേഖലയിലുടനീളമാണ് ഏര്‍പ്പെടുത്തിയത്. സ്്‌ട്രെച്ചറുകളുമുണ്ടാകും. അവശ്യമരുന്നുകളും എത്തിച്ചു. വിവിധ മേഖലകളില്‍ മെഡിക്കല്‍ സംഘങ്ങളും അനുബന്ധ സൗകര്യങ്ങളുമുണ്ടാകും. ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ചും സംവിധാനം ഉറപ്പാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി.ഇലവുങ്കലില്‍ കണ്‍ട്രോള്‍ റൂം ഏര്‍പ്പെടുത്തി. വാഹന അപകടങ്ങളുണ്ടാകുമ്പോള്‍ അടിയന്തരസഹായം ലഭ്യമാക്കുന്നതിനാണ് മുന്‍ഗണന. ബ്രേക്ക്ഡൗണുകളിലും സഹായം ഉറപ്പാക്കും. ക്രെയിന്‍ സംവിധാനം സഹിതമാണ് പ്രവര്‍ത്തനം. വാഹനങ്ങളുടെ വരവ്-പോക്കും എണ്ണവും നിരീക്ഷിക്കും. അപകടസ്ഥലത്ത്‌നിന്ന് വാഹനങ്ങള്‍ അടിയന്തരമായി നീക്കാനുള്ള ക്രമീകരണവും നടത്തുന്നുണ്ട്.
എക്‌സൈസിന്റെ സംഘവും രംഗത്തുണ്ടാകും. കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും. ലഹരിയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കുന്നതിനൊപ്പം അടിയന്തരഘട്ട സഹായങ്ങള്‍ക്കും മുന്‍കൈയെടുക്കും. ഇടത്താവളസൗകര്യങ്ങള്‍ പരിശോധിച്ച് കുറ്റമറ്റതെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.  

date