Skip to main content
ജില്ലാ ശുചിത്വ മിഷനും  മൗണ്ട് ബദനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും  എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംയുക്തമായി സംഘടിപ്പിച്ച ശിശു ദിനാഘോഷവും  ചിത്ര പ്രദര്‍ശനവും പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നവനീത് വലംഞ്ചുഴി ഉദ്ഘാടനം ചെയ്യുന്നു

ജില്ലാ ശുചിത്വ മിഷന്‍ ശിശു ദിനാഘോഷവും ചിത്ര പ്രദര്‍ശനവും നടത്തി

ജില്ലാ ശുചിത്വ മിഷനും പത്തനംതിട്ട മൗണ്ട് ബദനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും  എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംയുക്തമായി സംഘടിപ്പിച്ച ശിശു ദിനാഘോഷ പരിപാടി വന്‍വിജയമായി.  ശിശുദിന സന്ദേശ യോഗത്തോടെ പരിപാടികള്‍ക്ക് തുടക്കമായി.  സ്വച്ഛതാ ഹി സേവ 2024 ക്യാമ്പയിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല മത്സരത്തില്‍ വിദ്യാര്‍ഥികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു.
പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നവനീത് വലംഞ്ചുഴി ശിശുദിനാഘോഷ പരിപാടിയുടെ അധ്യക്ഷനായി. പത്തനംതിട്ട ജില്ല ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ നിഫി എസ് ഹക്ക് യോഗത്തിന്റെ മുഖ്യപ്രഭാഷകനായി. ചിത്ര പ്രദര്‍ശനത്തിന്റെ ചുമതല മൗണ്ട് ബദനി ഇംഗ്ലീഷ് ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിനായിരുന്നു. കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും പങ്കാളിത്തം കൊണ്ട് ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി. മാലിന്യ നിര്‍മ്മാര്‍ജന രംഗത്ത് പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്‍  നടത്തുന്ന പ്രവര്‍ത്തനങ്ങളെ യോഗത്തില്‍ നവനീത് വലംഞ്ചുഴി അഭിനന്ദിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്ക് ശിശുദിനാശംസകളും  അറിയിച്ചു. ശുചിത്വ -മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കുഞ്ഞുങ്ങളുമായി നിഫി എസ് ഹക്ക് തുറന്ന സംവാദം നടത്തി. മൗണ്ട് ബദനി ഇംഗ്ലീഷ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. വര്‍ഗീസ് പി മാത്യു യോഗത്തിന്റെ അധ്യക്ഷനായി.  ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍  എസ്.അനൂപ്,  എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി ജി രാജീവ് , പിടിഎ പ്രസിഡന്റ് സജി എം വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

date