Skip to main content

ഡിസംബര്‍ ഏഴിന് സായുധസേനാ പതാകദിനം ആചരിക്കും

കാസര്‍കോട് ജില്ലയില്‍ ഡിസംബര്‍ ഏഴിന് സായുധസേനാ പതാകദിനം ആചരിക്കാന്‍ എ.ഡി.എം പി.അഖിലിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം തീരുമാനിച്ചു. സായുധ സേന പാതാക ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന സ്റ്റാമ്പ് കളക്ഷനില്‍ 10,20,000 രൂപ സമാഹരിക്കും. പത്ത് രൂപ വിലയുളള ടോക്കണ്‍ ഫ്്‌ളാഗുകളും 20 രൂപ വിലയുള്ള കാര്‍ ഫ്‌ളാഗുകളും 100 രൂപ വിലയുള്ള കാര്‍ ഗ്ലാസ് സ്റ്റിക്കറുകളുമാണ് വിതരണം ചെയ്യുക. കഴിഞ്ഞ എട്ട് വര്‍ഷമായി ജനസംഖ്യ കുറഞ്ഞ ജില്ലകളില്‍ കൂടുതല്‍ കളക്ഷന്‍ നേടുന്ന ജില്ലയ്ക്കുള്ള മുഖ്യമന്ത്രിയുടെ റോളിങ് ട്രോഫി ആഗസ്ത് 15ന് കാസര്‍കോട് ജില്ലയാണ് നേടി വന്നിരുന്നത്. അത് തുടരാന്‍ സാധിക്കേണ്ടതുണ്ടെന്ന് എ.ഡി.എം പറഞ്ഞു. പതാക വില്‍പനയിലൂടെ സമാഹരിക്കുന്ന തുക യുദ്ധത്തില്‍ വീര ചരമം പ്രാപിച്ച ജവാന്‍മാരുടെ ആശ്രിതരുടെയും അംഗവൈകല്യം സംഭവിച്ചവരുടെയും വിമുക്ത ഭടന്‍മാരുടെയും പുനരധിവാസത്തിനായി ഉപയോഗിക്കുന്നു. പതാകാ ദിന ഫണ്ട് മുഖ്യമന്ത്രി അധ്യക്ഷനായുള്ള കമ്മറ്റിയാണ് കൈകാര്യം ചെയ്യുന്നത്. സൈനിക് വെല്‍ഫെയര്‍ ബോര്‍ഡ് മീറ്റിങ്ങില്‍ ജില്ലയിലെ ഒന്‍പത് പേര്‍ക്ക് സംസ്ഥാന മിലിട്ടറി ബെനവലന്റ് ഫണ്ടില്‍ നിന്നും 17 പേര്‍ക്ക് ജില്ലാ മിലിട്ടറി ബെനവലന്റ് ഫണ്ടില്‍ നിന്നും സാമ്പത്തിക സഹായം അനുവദിച്ചു.

സൈനിക് വെല്‍ഫെയര്‍ ബോര്‍ഡിന്റെയും സായുധ സേന പതാക ദിനാചരണത്തിന്റെയും ഭാഗമായി ചേര്‍ന്ന യോഗത്തില്‍ സൈനിക് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് പ്രസിഡന്റ് റിട്ട.ബ്രിഗേഡിയര്‍ ടി.സി എബ്രഹാം, ജില്ലാ സൈനിക് വെല്‍ഫെയര്‍ ഓഫീസര്‍ സി.ജെ ജോസഫ്, സൈനിക് വെല്‍ഫെയര്‍ ബോര്‍ഡ് അംഗം റിട്ട.സ്‌ക്വാര്‍ഡന്‍ ലീഡര്‍ കെ.നാരായണന്‍ നായര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date