സംസ്ഥാനസ്‌കൂള്‍ ശാസ്‌ത്രോത്സവം ഇന്ന്(18) സമാപിക്കും; സമാപനസമ്മേളനം മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യുംമന്ത്രിമാരായ വി ശിവന്‍കുട്ടി, സജി ചെറിയാന്‍, പി പ്രസാദ് എന്നിവര്‍ പങ്കെടുക്കും
56 ാമത് സംസ്ഥാനസ്‌കൂള്‍ ശാസ്‌ത്രോത്സവം ഇന്ന് (നവംബര്‍ 18 തിങ്കള്‍) സമാപിക്കും. നവംബര്‍ 15 ന് പ്രധാനവേദിയായ ആലപ്പുഴ സെന്റ് ജോസഫ് ഗേള്‍സ് എച്ച് എസ് എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ശാസ്‌ത്രോത്സവത്തിന്റെ സമാപന സമ്മേളനം നാലാംദിനമായ തിങ്കളാഴ്ച വൈകിട്ട് നാലിന് ആരംഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശാസ്ത്രമേള നഗരത്തിലെ നാലുവേദികളിലാണ് നടക്കുന്നത്.
സെന്റ് ജോസഫ് ഗേള്‍സ് എച്ച് എസ് എസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപനസമ്മേളനം ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ഫിഷറീസ്, യുവജനക്ഷേമ, സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ശാസ്ത്രമേള സമ്മാനദാനവും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഗണിതശാസ്ത്രമേള സമ്മാനദാനവും നിര്‍വഹിക്കും.
എംഎല്‍എമാരായ പി പി ചിത്തരഞ്ജന്‍ സാമൂഹ്യശാസ്ത്രമേള സമ്മാനദാനവും എച്ച് സലാം ഐടിമേള സമ്മാനദാനവും നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി പ്രവൃത്തിപരിചയമേള സമ്മാനവും നഗരസഭ അധ്യക്ഷ കെ കെ ജയമ്മ വൊക്കേഷണല്‍ എക്‌സ്‌പോ സമ്മാനവും വിതരണം ചെയ്യും. സുവനീര്‍ പ്രകാശനം ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് നിര്‍വഹിക്കും.
ശാസ്‌ത്രോത്സവ അവലോകനവും വിജയികളെ പ്രഖ്യാപിക്കലും ശാസ്ത്രമേള ജനറല്‍ കണ്‍വീനറും പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുമായ സി എ സന്തോഷ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എസ് ശിവപ്രസാദ്, നഗരസഭ വൈസ് ചെയര്‍മാന്‍ പി എസ് മുഹമ്മദ് ഹുസൈന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ എസ് ശ്രീലത, മറ്റ് ജനപ്രതിനിധികള്‍, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.
ശാസ്‌ത്രോത്സവത്തോവത്തോടനുബന്ധിച്ച് ലിയോ തേര്‍ട്ടീന്ത് എച്ച് എസ് എസില്‍ സംഘടിപ്പിച്ച വൊക്കേഷണല്‍ എക്‌സ്‌പോ ഞായറാഴ്ച് വൈകിട്ട് അഞ്ചിന് സമാപിച്ചിരുന്നു.
- Log in to post comments