Skip to main content

ജില്ലയില്‍ മുണ്ടിവീക്കം കേസുകളില്‍ വര്‍ദ്ധനവ് ജനങ്ങള്‍ ജാഗ്രത പാലിക്കണം

പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മുണ്ടിവീക്കം (ങഡങജട) റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. വിദ്യ കെ.ആര്‍. അറിയിച്ചു. മുണ്ടിനീര്, മുണ്ടിവീക്കം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ രോഗം മിക്‌സോ വൈറസ് പരോ റ്റിഡൈറ്റിസ് എന്ന വൈറസ് മൂലമാണ് ഉണ്ടാകുന്നത്. അഞ്ചു മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളെയാണ്  രോഗം കൂടുതല്‍ ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും കാണപ്പെടാറുണ്ട്. രോഗം കുട്ടികളിലേക്കാള്‍ ഗുരുതരമാകുന്നത് മുതിര്‍ന്നവരിലാണ്. വായുവിലൂടെ പകരുന്ന  രോഗം ഉമിനീര്‍ ഗ്രന്ഥികളെ ആണ് ബാധിക്കുന്നത്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ടുവശങ്ങളേയുമോ ബാധിക്കും. ചെറിയ പനിയും തലവേദനയും ആണ് പ്രാരംഭ ലക്ഷണങ്ങള്‍. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം നേരിടുന്നു. വിശപ്പില്ലായ്മയും ക്ഷീണവും മറ്റു ലക്ഷണങ്ങളാണ്.

വായുവിലൂടെ പകരുന്ന മുണ്ടിനീര്  സാധാരണയായി ചുമ,തുമ്മല്‍, മൂക്കില്‍ നിന്നുള്ള സ്രവങ്ങള്‍, രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെയാണ് പകരുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടു തുടങ്ങുന്നതിന് തൊട്ടുമുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാല് മുതല്‍ 6 ദിവസം വരെയുമാണ് സാധാരണയായി പകരുന്നത്. പ്രത്യേക ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ തലച്ചോര്‍, വൃഷണം, അണ്ഡാശയം, ആഗ്നേയ ഗ്രന്ഥി, പ്രോസ്‌ട്രേറ്റ് എന്നീ ശരീരഭാഗങ്ങളെ രോഗം ബാധിക്കുന്നു. രോഗലക്ഷണങ്ങള്‍ പ്രാരംഭത്തിലേ ചികിത്സിച്ചില്ലെങ്കില്‍ ഭാവിയില്‍ വന്ധ്യത ഉണ്ടാകുന്നതിന് സാധ്യത ഉണ്ട്. തലച്ചോറിനെ ബാധിച്ചാല്‍ എന്‍സഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാം. ഇത് മരണകാരണമായേക്കാം. രോഗം തിരിച്ചറിയുമ്പോഴേക്കും മറ്റു പലരിലേക്കും പകര്‍ന്നിരിക്കും എന്നതിനാല്‍ പകരുന്നത് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്.

അസുഖബാധിതര്‍ പൂര്‍ണമായും അസുഖം മാറുന്നതുവരെ വീട്ടില്‍ വിശ്രമിക്കുക. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടുന്നത് പൂര്‍ണമായും ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുമുക്തമാക്കുക. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ തന്നെ മാസ്‌ക്ക് ധരിക്കാന്‍ തുടങ്ങുക. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടും എന്നതിനാല്‍ കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചേക്കാം. അതിനാല്‍ ദ്രവരൂപത്തിലുള്ള ആഹാരം കൂടുതലായി നല്‍കുന്നതിനും വായയുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മുണ്ടിനീരു ബാധിക്കുന്നവര്‍ രോഗത്തെ അവഗണിക്കുകയോ സ്വയം ചികിത്സ ചെയ്യുകയോ ചെയ്യാതെ ഉടന്‍തന്നെ ഡോക്ടറെ കണ്ട് വിദഗ്ധ ചികിത്സ തേടേണ്ടതാണ്.

date