Skip to main content

ചേലക്കര ഉപതിരഞ്ഞെടുപ്പ്; ജില്ലാ കളക്ടര്‍ ഒരുക്കങ്ങള്‍ വിലയിരുത്തി

ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായ ചെറുതുരത്തി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. പോളിങ് സാമഗ്രികള്‍ സ്വീകരിച്ച ഉദ്യോഗസ്ഥരെ ബൂത്തുകളില്‍ എത്തിക്കുന്നതിനുള്ള പ്രത്യേക വാഹനങ്ങള്‍ ജില്ലാ കളക്ടര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളെ യാത്രാവേളയില്‍ പൊലീസും സെക്ടറല്‍ ഓഫീസര്‍മാരും അനുഗമിച്ചു.

ചെറുതുരുത്തി പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ ഒരുക്കിയ കമാന്‍ഡ് കണ്‍ട്രോള്‍ റൂമിലും ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി. മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും ഒരുക്കിയിട്ടുള്ള വെബ് കാസ്റ്റിങ് സംവിധാനം നിരീക്ഷിക്കുന്നതിനാണ് ഈ കമാന്‍ഡ് കണ്‍ട്രോള്‍ റൂം ഒരുക്കിയിരിക്കുന്നത്. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുളള മുഴുവന്‍ ദൃശ്യങ്ങളും വെബ്കാസ്റ്റിങ് സംവിധാനത്തിലൂടെ തത്സമയം രേഖപ്പെടുത്തുകയും നിരീക്ഷിക്കുകയും ചെയ്യും.

ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ഇന്ന് (നവംബര്‍ 13) രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്.

date