Skip to main content
ചാമ്പ്യൻസ് ബോട്ട് ലീഗ് നാലാം സീസണും കോട്ടയം മത്സരവള്ളംകളിയും താഴത്തങ്ങാടിയിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി വി.എൻ. വാസവൻ, അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി., തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ എന്നിവർ സമീപം.

സി.ബി.എല്ലിനെ ആഗോളതലത്തിൽ ബ്രാൻഡ് ചെയ്യും: മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്

ചാമ്പ്യൻസ് ബോട്ട് ലീഗ് സീസണ് താഴത്തങ്ങാടിയിൽ തുടക്കം

കോട്ടയം: അടുത്തവർഷം ലോകശ്രദ്ധ ആകർഷിക്കുന്ന നിലയിൽ ചാമ്പ്യൻസ് ബോട്ട് ലീഗിനെ (സി.ബി.എൽ) ബ്രാൻഡ് ചെയ്യുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. ചാമ്പ്യൻസ് ബോട്ട് ലീഗ് നാലാം സീസണിന്റെയും കോട്ടയം മത്സരവള്ളംകളിയുടെയും ഉദ്ഘാടനം  താഴത്തങ്ങാടിയിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തീരദേശ ജില്ലകളെ സംഘടിപ്പിച്ച് സി.ബി.എൽ. സംഘടിപ്പിക്കും. ടൂറിസം ഉൽപന്നം എന്ന നിലയിൽ വലിയ തോതിലുള്ള പിന്തുണയാണ് സർക്കാർ വള്ളംകളിക്ക് നൽകുന്നത്. വള്ളംകളി നടക്കുന്ന മേഖലയിലെ ടൂറിസത്തിന് വളരെയധികം വളർച്ച ഉണ്ടായിട്ടുണ്ട്. വിദേശ ടൂർ ഓപ്പറേറ്റർമാരെ കൂടി പങ്കെടുപ്പിച്ച് സി.ബി.എല്ലിന്റെ ബ്രാൻഡിങ് നടപ്പാക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സെപ്റ്റംബറിൽ നടക്കേണ്ട സി.ബി.എൽ. തുടങ്ങാൻ വൈകിയത്. വേദികളുടെ എണ്ണം ആറായി കുറച്ചെങ്കിലും സമ്മാനത്തുകയിലോ ഇൻസെന്റീവിമോ കുറവ് വരുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പാരമ്പര്യവും പ്രൗഢിയുമുള്ള മത്സരവള്ളം കളിയാണ് കോട്ടയം മത്സര വള്ളംകളിയെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
ഉദ്ഘാടനത്തെത്തുടർന്ന് ചുണ്ടൻ വള്ളങ്ങളുടെ മാസ്ഡ്രിൽ നടന്നു. ജലഘോഷയാത്ര അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ കളക്ടറും സി.ബി.എൽ. ജനറൽ കൺവീനറുമായ ജോൺ വി. സാമുവൽ പതാക ഉയർത്തി.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ പി. വിഷ്ണുരാജ്, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുൻ ചെയർമാൻ അഡ്വ. വി.ബി. ബിനു, നഗരസഭാംഗങ്ങളായ ഷേബാ മാർക്കോസ്, ജിഷ ജോഷി, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എം. ഷൈനിമോൾ, വി.എസ്. ഷമീമ, ബുഷ്റ തൽഹത്ത്, കോട്ടയം വെസ്റ്റ് ക്ലബ് പ്രസിഡന്റ് കെ.ജി. കുര്യച്ചൻ,  വെസ്റ്റ് ക്ലബ് സെക്രട്ടറി അനീഷ് കുമാർ , കോഡിനേറ്റർമാരായ സുനിൽ ഏബ്രഹാം, ലിയോ മാത്യൂ, എൻ.കെ. ഷഫീക് ഫാളിൽ മന്നാനി എന്നിവർ പ്രസംഗിച്ചു.
 

date