Skip to main content

ദേശീയ വിരവിമുക്തദിനാചരണം ഇന്ന് (26); മൂന്നര ലക്ഷം കുട്ടികള്‍ക്ക് വിരഗുളിക നല്‍കും

ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ സീ വ്യൂ വാര്‍ഡിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ വെച്ച് നവംബര്‍ 26 ന്  ഉച്ചക്ക് ഒരു മണിക്ക് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് നിര്‍വഹിക്കും. ദിനാചരണത്തിന്റെ ഭാഗമായി 1 മുതല്‍ 19 വയസ്സ് വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിര നശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കുന്നതാണ്. ജില്ലയില്‍ ഒന്നിനും 19 വയസ്സിനുമിടയ്ക്കുള്ള മൂന്നര ലക്ഷത്തോളം കുട്ടികള്‍ക്ക് വിരഗുളിക നല്‍കും. സ്‌കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വെച്ചാണ് വിരഗുളിക നല്‍കുന്നത്.
കുട്ടികളിലെ ആരോഗ്യപ്രശ്‌നമായ വിളര്‍ച്ചയുടെ ഒരു പ്രധാനകാരണം വിരബാധയാണ്. ഇത് കുട്ടികളില്‍ പോഷണക്കുറവ്, ക്ഷീണം എന്നിവയ്ക്ക് കാരണമാവുകയും അവരുടെ ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവ് കുറയ്ക്കുകയും പ്രവര്‍ത്തന മികവിനെ ബാധിക്കുകയും ചെയ്യും. കൊക്കപ്പുഴു ഉള്‍പ്പെടെയുള്ള വിരകളെ നശിപ്പിക്കുവാന്‍ ആല്‍ബന്‍ഡസോള്‍ ഗുളിക ഫലപ്രദമാണ്. ആറുമാസത്തിലൊരിക്കല്‍ വിര നശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളിക കഴിക്കുന്നത് വിളര്‍ച്ച തടയുകയും കുട്ടികളുടെ ശാരീരിക വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യും .
1 മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളിലും അങ്കണവാടികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വെച്ചാണ് ഗുളിക വിതരണം ചെയ്യുന്നത്. ഒന്നു മുതല്‍ രണ്ടു വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അരഗുളികയും (200 മി. ഗ്രാം ), രണ്ടു മുതല്‍ മൂന്നു വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഒരു ഗുളികയും (400 മി. ഗ്രാം)  ആഹാരം കഴിച്ച ശേഷം തിളപ്പിച്ചാറിയ വെള്ളത്തില്‍ അലിയിച്ച് കൊടുക്കണം. മൂന്ന് മുതല്‍ 19 വരെ പ്രായമുള്ള കുട്ടികള്‍ ഉച്ചഭക്ഷണത്തിനുശേഷം ഒരു ഗുളിക (400 മി. ഗ്രാം)  ചവച്ചരച്ച് കഴിക്കണം. തിളപ്പിച്ചാറിയ വെള്ളവും കുടിക്കുക.
എല്ലാ കുട്ടികളും ആല്‍ബന്‍ഡമ്പോള്‍ ഗുളിക കഴിച്ചു എന്ന് മാതാപിതാക്കളും അധ്യാപകരും ഉറപ്പാക്കണം. സ്‌കൂളുകളിലോ അങ്കണവാടികളിലോ രജിസ്റ്റര്‍  ചെയ്യാത്ത കുട്ടികള്‍ക്ക് അതാത് പ്രദേശത്തെ  അങ്കണവാടികളില്‍ നിന്ന് ഗുളിക നല്‍കുന്നതാണ്. 
(പി.ആര്‍./എ.എല്‍.പി/2467)

date