ഓറഞ്ച് ഡേ ക്യാംപയിൻ സംഘടിപ്പിച്ചു
കേരള സർക്കാർ വനിത ശിശുവികസന വകുപ്പ് ജില്ലാ വനിത ശിശുവികസന ഓഫീസ് പാലക്കാട് ഡിസ്ട്രിക്ട് സങ്കൽപ്പ് ഹബ് ഫോർ എംപവർമെൻറ് ഓഫ് വുമണിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ഓറഞ്ച് ഡേ ക്യാംപയിൻ ബോധവൽക്കരണ റാലിയുടെ ഫ്ലാഗ് ഓഫ് ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര നിർവഹിച്ചു. പാലക്കാട് ജില്ലാ ഹെഡ് പോസ്റ്റ് ഓഫീസ് മുതൽ വിക്ടോറിയ കോളേജ് അങ്കണം വരെയാണ് ബോധവൽക്കരണ റാലി സംഘടിപ്പിച്ചത്. എപ്പോഴും, എല്ലായിടത്തും സുരക്ഷ എന്നതാണ് ഈ വർഷത്തെ ഓറഞ്ച് ഡേ ക്യാംപയിനിന്റെ തീം ആയി തിരഞ്ഞെടുത്തിരിക്കുന്നത്.സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന് നവംബർ 25 മുതൽ ഡിസംബർ 10 വരെ 16 ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളാണ് നടക്കുന്നത്. സ്ത്രീകൾക്കെതിരെ നടക്കുന്ന എല്ലാ തരത്തിലുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിന് വേണ്ടി വിവിധ വകുപ്പ് ജില്ലാതല മേധാവികൾ, ജനപ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ, പൊതു ജനങ്ങൾ വിവിധ യൂണിയൻ നേതാക്കൾ, കോളേജ് വിദ്യാർത്ഥികൾ, തുടങ്ങിയവരെ പങ്കെടുപ്പിച്ച് വിഷയങ്ങളിന്മേൽ ജനശ്രദ്ധ ആകർഷിക്കത്തക്കവണ്ണം വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു.
മേഴ്‌സി കോളേജിലെ സാമൂഹിക പ്രവർത്തക വിദ്യാർത്ഥികൾ "സ്ത്രീകൾക്കെതിരെ നടക്കുന്ന എല്ലാ തരത്തിലുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിന് വേണ്ട ആശയം പ്രചരിപ്പിച്ച" തെരുവ് നാടകം അവതരിപ്പിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ശുഭ, വനിത ശിശു വികസന ഓഫീസ് ജൂനിയർ സുപ്രണ്ട് രതി,വനിത ശിശു വികസന ഓഫീസ് സങ്കൽപ് -ഡി എച്ച് ഇ ഡബ്ല്യു ജില്ലാ മിഷൻ കോ കോർഡിനേറ്റർ ലിയോ ബെർണാർഡ്, പാലക്കാട് വനിത ശിശു വികസന ഓഫീസിലെ ജീവനക്കാർ, ഹബ് ജീവനക്കാർ, പ്രോഗ്രാം ഓഫീസ് ജീവനക്കാർ, ഡിസിപിയു ജീവനക്കാർ, സ്കൂൾ കൗൺസിലേഴ്‌സ്, അംഗൻവാടി വർക്കേഴ്സ്, മോയെൻസ് സ്കൂൾ, പി.എം.ജി സ്കൂൾ തുടങ്ങിയവയിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സ്, പാലക്കാട് കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥികൾ, മേഴ്‌സി കോളേജ് വിദ്യാർത്ഥികൾ തുടങ്ങി 200ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.
- Log in to post comments