ദേശീയ വിര വിമുക്ത ദിനം ഇന്ന് ( നവംബര്‍ 26)
കുട്ടികളുടെ വളര്‍ച്ചയെയും പൊതുവെയുളള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ് വിരശല്യം. കുട്ടികളില്‍ വിളര്‍ച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 1 മുതല്‍ 14 വയസ്സുവരെയുളള 64% കുട്ടികളില്‍ വിരബാധയുണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 2015 മുതല്‍ ദേശീയ വിര വിമുക്ത ദിനം ആചരിക്കുകയും വര്‍ഷത്തില്‍ 6 മാസത്തെ ഇടവേളകളിലായി രണ്ടു പ്രാവശ്യം സ്‌കൂളുകളും അംഗണവാടികളും വഴി കുട്ടികള്‍ക്ക് വിര നശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കിവരികയും ചെയ്യുന്നു. ഈ വര്‍ഷം വിര വിമുക്ത ദിനമായി ആചരിക്കുന്നത് നവംബര്‍ 26-നാണ്. ആ ദിവസം വിദ്യാലയങ്ങളില്‍ എത്തുന്ന കുട്ടികള്‍ക്ക് അവിടെനിന്നും വിദ്യാലയങ്ങളില്‍ എത്താത്ത 1 മുതല്‍ 19 വയസ്സുവരെ പ്രായമുളള കുട്ടികള്‍ക്ക് അങ്കണവാടികളില്‍ നിന്നും ഗുളിക നല്‍കും. ഏതെങ്കിലും കാരണത്താല്‍ നവംബര്‍
26-ന് ഗുളിക കഴിക്കുവാന്‍ സാധിക്കാതെ പോയ കുട്ടികള്‍ക്ക് ഡിസംബര്‍ 3-ന് ഗുളിക നല്‍കുന്നതാണ്.
1 മുതല്‍ 2 വയസ്സുവരെ അര ഗുളിക (200 മില്ലിഗ്രാം)
2 മുതല്‍ 19 വയസ്സുവരെ ഒരു ഗുളിക (400 മില്ലിഗ്രാം)
ചെറിയ കുട്ടികള്‍ക്ക് തിളപ്പിച്ചാറ്റിയ വെളളത്തില്‍ ഗുളിക അലിയിച്ചു കൊടുക്കണം . മുതിര്‍ന്ന കുട്ടികള്‍ ഉച്ചഭക്ഷണത്തിനു ശേഷം ഗുളിക ചവച്ചരച്ച് കഴിക്കണം . അതോടൊപ്പം തിളപ്പിച്ചാറിയ വെളളം കുടിക്കുകയും വേണം. അസുഖമുളള കുട്ടികള്‍ക്ക് ഗുളിക നല്‍കേണ്ടതില്ല. അസുഖം മാറിയതിനു ശേഷം ഗുളിക നല്‍കാവുന്നതാണ് . ഗുളിക കഴിച്ചതിനു ശേഷം സാധാരണയായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറില്ല. എന്നാല്‍ വിരകളുടെ തോത് കൂടുതലുളള കുട്ടികളില്‍ ഗുളിക കഴിക്കുമ്പോള്‍ അപൂര്‍വ്വമായി വയറുവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍, ശരീരത്തില്‍ തടിപ്പുകള്‍ തുടങ്ങിയവ ഉണ്ടായോക്കാം.
വിരബാധ
വിരബാധ എല്ലാ പ്രായക്കാരെയും ബാധിക്കുമെങ്കിലും സാധാരണയായി കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത്. മണ്ണില്‍ കളിക്കുകയും പാദരക്ഷകള്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്താല്‍ വിരബാധയുണ്ടാകാനുളള സാധ്യത കൂടുതലാണ്. ശരീരത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഭക്ഷണത്തിലെ പോഷക ഘടകങ്ങള്‍ വിരകള്‍ വലിച്ചെടുക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ പോഷണക്കുറവ് അനുഭവപ്പെടുകയും അത് വളര്‍ച്ചയെ ബാധിക്കുകയും ചെയ്യുന്നു കുടലുകളിലാണ് വിരകള്‍ കാണപ്പെടുന്നത്. ഉരുളന്‍ വിര (റൗണ്ട് വേം), കൊക്കൊപ്പുഴു (ഹുക്ക് വേം), കൃമി (പിന്‍ വേം), നാട വിര (ടേപ്പ് വേം) ചാട്ട വിര (വിപ്പ് വേം) എന്നിവയാണ് സാധാരണ കാണുന്ന വിരകള്‍.
വിരബാധയുടെ ലക്ഷണങ്ങള്‍
മലത്തില്‍ വിരകള്‍ കാണപ്പെടുക
ഛര്‍ദ്ദിലില്‍ വിരകള്‍ കാണപ്പെടുക
വിളര്‍ച്ച
തളര്‍ച്ച, ഉത്സാഹക്കുറവ്
തൂക്കക്കുറവ്
മലബന്ധം
വയറുവേദന
വിരബാധ പകരുന്നതെങ്ങനെ
പൊതുസ്ഥലത്ത് മലവിസര്‍ജ്ജനം ചെയ്യുകയോ വിസര്‍ജ്ജ്യങ്ങള്‍ മണ്ണില്‍ നിക്ഷേപിക്കുകയോ ചെയ്യുമ്പോള്‍ മലത്തിലുളള വിരകളും മുട്ടകളും മണ്ണില്‍ കലരുന്നു. വിസര്‍ജ്ജ്യം കലര്‍ന്ന മണ്ണില്‍ കുട്ടികള്‍ കളിക്കുമ്പോള്‍ കൈകളിലൂടെയും കാലുകളിലൂടെയും ഇവ കുടലിലെത്തുന്നതാണ്.
മലദ്വാരത്തിനു ചുറ്റും നഖങ്ങള്‍ കൊണ്ട് ചൊറിയുമ്പോള്‍ മുട്ടകളും വിരകളും നഖങ്ങളിലെത്തും. കുട്ടികള്‍ നഖങ്ങള്‍ കടിക്കുകയോ കൈകഴുകാതെ ഭക്ഷണം കഴിക്കുകയോ ചെയ്യുമ്പോള്‍ ഇവ കുടലിലെത്തും.
മലത്തില്‍ ഇരുന്ന ഈച്ചകള്‍ തുറന്നുവെച്ചിരിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഇരിക്കുമ്പോള്‍ വിരകളുടെ മുട്ടകളും ഭക്ഷണത്തില്‍ കലരുകയും അവ കുടലിലെത്തുകയും ചെയ്യുന്നു.
വിസര്‍ജ്ജ്യമാലിന്യം കലര്‍ന്ന വെളളം തിളപ്പിക്കാതെ ഉപയോഗിക്കുമ്പോഴും വിരബാധയുണ്ടാകാം. വിരബാധയുളള കുട്ടികളുടെ അടിവസ്ത്രങ്ങള്‍ കഴുകാതെ ഉപയോഗിക്കുന്നതിലൂടെയും പകരാം.
വിരബാധ എങ്ങനെ തടയാം
ഭക്ഷണത്തിനു മുന്‍പും മലവിസര്‍ജ്ജനത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.
പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
മനുഷ്യരുടെയും മൃഗങ്ങളുടെയും വിസര്‍ജ്ജ്യങ്ങള്‍ ശരിയായി സംസ്‌ക്കരിക്കുക.
മാംസം നന്നായി പാചകം ചെയ്ത് മാത്രംഉപയോഗിക്കുക.
കൃത്യമായ ഇടവേളകളില്‍ നഖങ്ങള്‍ വെട്ടി കൈകള്‍ വൃത്തിയായി സൂക്ഷിക്കുക. പ്രത്യേകിച്ചും കുട്ടികളുടെ നഖം വൃത്തിയായി സൂക്ഷിക്കുന്നുവെന്ന് രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കണം.
അടിവസ്ത്രങ്ങള്‍ദിവസേനകഴുകി ഉപയോഗിക്കുക.
ഭക്ഷണം അടച്ചു സൂക്ഷിക്കുക.
തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക.
തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്താതിരിക്കുക.
വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉറപ്പാക്കുക.
ആറുമാസത്തിലൊരിക്കല്‍ വിരനശീകരണത്തിനായി മരുന്ന് കഴിക്കുക.
- Log in to post comments