സ്പെഷ്യൽ സമ്മറി റിവിഷൻ: നവംബർ 28 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം
ആലപ്പുഴ: സ്പെഷ്യൽ സമ്മറി റിവിഷൻ 2025 ന്റെ ഭാഗമായി നവംബർ 28 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. അന്തിമ വോട്ടർ പട്ടിക 2025 ജനുവരി 6 ന് പ്രസിദ്ധപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 17 വയസ്സ് പൂർത്തിയാക്കിയ എല്ലാവർക്കും വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂറായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തീകരിക്കുന്നവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കുവാനുള്ള സൗകര്യവും പ്രസ്തുത തീയതി വരെ എല്ലാ താലൂക്ക് ഓഫീസ് തിരഞ്ഞെടുപ്പ്് വിഭാഗത്തിലും ലഭ്യമാണ്.
ജില്ലയിലെ താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസിലും ഒക്ടോബർ 29 ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക പരിശോധിക്കാവുന്നതും പരിശോധനയിൽ അർഹരായ ആരെങ്കിലും ഒഴിവാക്കപ്പെട്ടതായി കണ്ടാൽ പ്രസ്തുത വോട്ടർമാരെ അവർ അർഹരാണെങ്കിൽ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ഫോറം 6-ൽ അപേക്ഷ സമർപ്പിക്കുന്നതിനു വേണ്ട സഹായം എല്ലാ താലൂക്ക് ഓഫീസുകളിലെ തിരഞ്ഞെടുപ്പ് വിഭാഗത്തിലും ലഭിക്കുന്നതാണെന്ന് ജില്ല കളക്ടർ അലക്‌സ് വർഗ്ഗീസ് അറിയിച്ചു.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തുന്നതിനും ഒഴിവാക്കുന്നതിനും മൊബൈൽ ഫോണിലെ പ്ലേ സ്റ്റോർ വഴി ഡൗൺ ലോഡ് ചെയ്ത് ലഭ്യമാകുന്ന വോട്ടേഴ്സ് ഹെൽപ്പ് ലൈൻ ആപ്പ് കൂടാതെ www.voters.eci.gov.in, www.ceo.kerala.gov.in എന്നീ വെബ് സൈറ്റുകളും പ്രയോജനപ്പെടുത്താവുന്നതാണ്.
ജില്ല കളക്ടറുടെ കാര്യാലയത്തിൽ പൊതു ജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിന് 1950 നമ്പരായുള്ള കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലകളക്ടർ അറിയിച്ചു.
- Log in to post comments