വലിയ പദ്ധതികൾ തുടങ്ങാൻ നേരിടേണ്ടി വരുന്നത് നിരവധി കടമ്പകൾ : മന്ത്രി ജി. ആർ അനിൽ
**പോത്തൻകോട് -മംഗലപുരം റോഡിന്റെ സംഘാടക സമിതി രൂപീകരിച്ചു
**റോഡ് നിർമ്മാണോദ്ഘാടനം ഡിസംബർ 5ന്
വലിയ പദ്ധതികൾ തുടങ്ങാൻ നിരവധി കടമ്പകൾ നേരിടേണ്ടി വരുന്നുവെന്നും വികസനത്തിന് തടസ്സം നിൽക്കുന്ന കുപ്രചരണങ്ങളും അനാവശ്യ സമരങ്ങളും ഇല്ലാതാക്കണമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. പോത്തൻകോട് -മംഗലപുരം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പോത്തൻകോട് പഞ്ചായത്ത് ഓഫീസിൽ നടന്ന സംഘടക സമിതി രൂപീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡിന്റെ നിർമ്മാണം 5 മാസം കൊണ്ട് പൂർത്തായാക്കാനാണ് ഉദ്ദേശിക്കുന്നത്. മുഴുവൻ പ്രവൃത്തികളും പൂർത്തിയാകുമ്പോൾ പോത്തൻകോടിന്റെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.
പോത്തൻകോട് -മംഗലപുരം റോഡിന്റെ നിർമാണ ഉദ്ഘാടനം ഡിസംബർ 5ന് പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും. 6.1 കിലോമീറ്റർ നീളമുള്ള ഈ റോഡിൽ 57.28 കോടി രൂപയുടെ നിർമ്മാണപ്രവൃത്തികളാണ് നടക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിനു 9.46 കോടിയാണ് അനുവദിച്ചിരുന്നത്.. 247 കുടുംബങ്ങളിൽ നിന്നായി 66 സെന്റ് ഭൂമിയാണ് റോഡിനായി ഏറ്റെടുക്കുന്നത്. ഇതുവരെ 132 കുടുംബങ്ങൾക്ക് 5.5 കോടി വിതരണം ചെയ്തു
പഴകുറ്റി-മംഗലപുരം റോഡിന്റെ ആദ്യ റീച്ചായ പഴകുറ്റി - മുക്കംപാലമൂട് റോഡിന്റെ നിർമാണം 80 ശതമാനം പൂർത്തിയായി. രണ്ടാം റീച്ചായ മുക്കംപാലമൂട്- പോത്തൻകോട് റോഡിന്റെ സർവ്വേ നടപടികൾ പൂർത്തിയായിട്ടുണ്ട്. മൂന്നാം റീച്ചായ പോത്തൻകോട്-മംഗലാപുരം റോഡിന്റെ നിർമാണോദ്ഘാടനമാണ് ഡിസംബറിൽ നടക്കാൻ പോകുന്നത്. പഴകുറ്റി മുതൽ മംഗലപുരം വരെയുള്ള റോഡ് നിർമ്മാണത്തിന് ആകെ പ്രതീക്ഷിക്കുന്ന ചെലവ് 200 കോടിയാണ്. മൊത്തം റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി മാത്രം ഇതുവരെ 70 ലക്ഷം ചെലവായി.
പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ അനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ എം.ജലീൽ, അണ്ടൂർകോണം പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുത്തു.
- Log in to post comments