ശുചിത്വ മാലിന്യ സംസ്‌കരണത്തിന് പ്രത്യേക ഇടപെടൽ; ഹരിത പദവിയിലേക്ക് കൂടുതൽ ഇടങ്ങൾ
സമ്പൂർണ ശുചിത്വ ജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ആറ് മേഖലകളിൽ കർമ്മപദ്ധതിയുമായി ഹരിതകേരള മിഷൻ സംഘടിപ്പിച്ച ദ്വിദിന ശിൽപശാല. ഹരിത ടൗണുകൾ, ഹരിത പൊതുസ്ഥലങ്ങൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത സ്ഥാപനങ്ങൾ, ഹരിത ടൂറിസം കേന്ദ്രങ്ങൾ, ഹരിത കലാലയങ്ങൾ എന്നിങ്ങനെ വിവിധ ഘടകങ്ങളുടെ ഏകോപനത്തിലൂടെയാണ് കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ജില്ലയിലെ 243 ടൗണുകളെയും 2025 ജനവരി 26നകം ഹരിത ടൗണുകളാക്കി മാറ്റും. ഹരിത പദവി ലഭിക്കാത്ത 441 മാർക്കറ്റുകളും പൊതുസ്ഥലങ്ങളും 2024 ഡിസംബർ 31നകം ഹരിത പദവിയിലേക്ക് എത്താനുള്ള ശ്രമങ്ങളും കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ 39 ടൂറിസം കേന്ദ്രങ്ങളെയും 2025 ജനവരി 26 നകം ഹരിത ടൂറിസം കേന്ദ്രങ്ങളായി മാറ്റാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾ കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കുടുംബശ്രീ, അയൽകൂട്ടങ്ങൾക്കു ഹരിത പദവി നൽകുന്ന കാര്യത്തിൽ വിപുലമായ ഇടപെടൽ നടത്തും. ജില്ലയിൽ ആകെയുള്ള 20,000 കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ 4947 എണ്ണം ഇതിനകം ഹരിത പദവി നേടിയിട്ടുണ്ട്. ഡിസംബർ 31നകം ജില്ലയിലെ കലാലയങ്ങളെ ഹരിത കലാലയങ്ങളായി മാറ്റും. ജില്ലയിലെ 1629 വിദ്യാലയങ്ങളിൽ ഹരിത പദവി ലഭിക്കാത്തവക്ക് ഡിസംബർ 31നകം ഹരിത പദവി നേടുന്നതിനുള്ള പദ്ധതി പ്രവർത്തനങ്ങൾക്കും രൂപം നൽകി. കണക്ക് പ്രകാരം ജില്ലയിലുള്ള 4659 സ്ഥാപനങ്ങളിൽ 1391 എണ്ണത്തിന് ഇതിനകം ഹരിത സ്ഥാപന പദവി ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ജനവരി 26 നകം ലക്ഷ്യത്തെത്താനുള്ള വിപുലമായ പ്രവർത്തനങ്ങൾക്കും ശില്പശാല രൂപം നല്കി. മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ പ്രവർത്തനങ്ങൾക്ക് ജനകീയ പിന്തുണ ഉറപ്പു വരുത്താനുള്ള ശ്രമങ്ങളും ശക്തിപ്പെടുത്തും.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ശിൽപശാലയുടെ രണ്ടാം ദിവസം തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ഡയറക്ടർ ബി.കെ ബലരാജ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ അധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ സംസ്ഥാന പ്രതിനിധികളായ മെൽവിൻ ഡാനിയൽ, പൂജാ മേനോൻ, കെ.എസ്.ഡബ്ല്യു. എം.പി. എഞ്ചിനീയർ ശ്യാമ പ്രസാദ്, ഹരിത കേരളം ജില്ലാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ, ശുചിത്വ മിഷൻ ജില്ലാ കോ- ഓഡിനേറ്റർ കെ.എം സുനിൽ കുമാർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കി.
- Log in to post comments