Skip to main content

കലയുടെ ഉത്സവത്തിന് രാജാങ്കണത്തില്‍ തിരിതെളിഞ്ഞു

ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കോട്ടക്കലിൽ തുടക്കം മുപ്പത്തിയഞ്ചാമത് മലപ്പുറം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ആയുര്‍വേദ നഗരിയായ കോട്ടക്കലില്‍ തിരിതെളിഞ്ഞു. ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന വേദിയായ 'രാജാങ്കണ'ത്തില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടക്കല്‍ നഗരസഭാ അധ്യക്ഷ ഡോ. കെ. ഹനീഷ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് വിശിഷ്ടാതിഥിയായി. ജനപ്രതിനിധികളായ നസീബ അസീസ് മയ്യേരി, സി. മുഹമ്മദലി, ബഷീർ രണ്ടത്താണി, ടി.പി.എം ബഷീർ, വി.കെ.എം ഷാഫി, കെ.ടി അഷ്റഫ്, മറിയാമു പുതുക്കുടി, പി.ടി അബ്ദുൽ നാസർ, ടി. കബീർ, സനില പ്രവീൺ, ഗോപിനാഥൻ കോട്ടുവരമ്പിൽ, കെ.പി അബ്ദുൽ റാഷിദ്, എം. ഹനീഫ, കെ. ദിനേഷ്, യു. രാഗിണി, കലാ-സാംസ്‌കാരിക-പൊതു വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവർ സംസാരിച്ചു. മലപ്പുറം ആർ.ഡി.ഡി ഡോ. പി.എം അനിൽ കലോത്സവ സന്ദേശം നൽകി. കലോത്സവ ലോഗോ രൂപകൽപ്പന ചെയ്ത കെ. സുനിൽകുമാർ, റോളിംഗ് ട്രോഫി രൂപകൽപ്പന ചെയ്ത ഷിബു സിഗ്നേച്ചർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി രമേശ്കുമാർ സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ വി.കെ അബ്ദുന്നാസർ നന്ദിയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് എസ്.എസ്.കെയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികളുടെ സ്വാഗത നൃത്തവും ആതിഥേയ വിദ്യാലയത്തിന്റെ മരവും കുട്ടിയും സംഗീത ശില്‍പവും അരങ്ങേറി. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ സ്കൂളുകളിലെ അധ്യാപകർ സ്വാഗതഗാനം ആലപിച്ചു. കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും കോട്ടൂര്‍ എ.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായി നവംബര്‍ 30 വരെയാണ് മേള. 315 ഇനങ്ങളിലായി പതിനായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇത്തവണ ജില്ലാ കലാമേളയില്‍ മാറ്റുരക്കുന്നത്. മൂന്ന് ഹാളുകള്‍ ഉള്‍പ്പടെ 16 വേദികളാണ് മത്സരത്തിനായി ഒരുക്കിയിട്ടുള്ളത്. മംഗലം കളി, മലപ്പുലയയാട്ടം, പണിയ നൃത്തം, ഇരുള നൃത്തം, പളിയ നൃത്തം എന്നിങ്ങനെ അഞ്ചിനങ്ങള്‍ ഇത്തവണ കലോത്സവത്തില്‍ അധികമായി ചേര്‍ത്തിട്ടുണ്ട്. കലോത്സവ ഫലങ്ങള്‍ തത്സമയം വിദ്യാര്‍ത്ഥികളിലേക്കെത്താന്‍ https://mlpkalolsavam.blogspot.com/ വെബ്സൈറ്റും ഒരുക്കിയിട്ടുണ്ട്. ജില്ലാ കലോത്സവത്തിലെ ഓവറാള്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്ന സബ് ജില്ലക്കായി സംസ്ഥാനത്ത് ആദ്യമായി പൊതു വിദ്യഭ്യാസ വകുപ്പിന് കീഴില്‍ റോളിങ് ട്രോഫി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1200ഓളം വ്യക്തിഗത ട്രോഫികളും 27 റോളിങ് ട്രോഫികളും തയ്യാറാക്കിയിട്ടുണ്ട്. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ വിഭാഗങ്ങളില്‍ ജനറല്‍, സംസ്‌കൃതം, അറബിക് വിഭാഗങ്ങളില്‍ ഓവറാള്‍ പോയന്റ് നേടിയ സബ്ജില്ലകള്‍ക്കും സ്‌കൂളുകള്‍ക്കും ട്രോഫികള്‍ നല്‍കും. ഒരോ ഇനത്തിലും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടുന്ന കുട്ടികള്‍ക്ക് വ്യക്തിഗത ട്രോഫികളും ഉണ്ടാകും. 30ന് നടക്കുന്ന സമാപന സമ്മേളനം കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും.

 

date