വിരവിമുക്ത ദിനം ജില്ലാതല ഉദ്ഘാടനം
ഒന്നു മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വിരനിര്മ്മാര്ജ്ജനത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക സൗജന്യമായി നല്കുന്ന ദേശീയ വിരവിമുക്ത ദിനം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ കഴിക്കാന്‍ നല്‍കിക്കൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് എല്ലാ കുട്ടികള്‍ക്കും വിരവിമുക്ത ഗുളികകള്‍ നല്കി. തൃശ്ശൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി അധ്യക്ഷതവഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ടി.പി ശ്രീദേവി വിഷയാവതരണം നടത്തി. ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ പി. സജീവ് കുമാര്‍ ദിനാചരണ സന്ദേശം നല്കി. ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് കെ.പി ബിന്ദു മുഖ്യാതിഥിയായിരുന്നു. ജില്ലാ ആര് സി എച്ച് ഓഫീസര്‍ ഡോ. മിനി സ്വാഗതം ആശംസിച്ച ചടങ്ങില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.ആര് രാജു, ജില്ലാ എം.സി.എച്ച് ഓഫീസര്‍ റൂബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.എ സന്തോഷ് കുമാര്‍ കൃതജ്ഞത രേഖപ്പെടുത്തി.
വിരവിമുക്ത ദിനത്തില്‍ സ്കൂളുകളിലും അങ്കണവാടികളിലുമായാണ് ഗുളിക വിതരണം നടത്തിയത്. ഇന്നലെ (നവംബര്‍ 26) ഗുളിക ലഭിക്കാത്തവര്‍ മോപ്പ് -അപ്പ് ദിനമായ ഡിസംബര്‍ മൂന്നിന് ഗുളികകള്‍ കഴിക്കേണ്ടതാണ്. ജില്ലയില്‍ ഒരു വയസ്സ് മുതല്‍ 19 വയസ്സ് വരെയുള്ള 6,61,320 കുട്ടികളെയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളിലെ വിരബാധ വിളര്‍ച്ച, പോഷകരാഹിത്യം, ക്ഷീണം, വളര്‍ച്ചക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നതിനാല്‍ ഏകാഗ്രതയും ഉത്സാഹവും നഷ്ടപ്പെടുന്നതിനോ പഠനത്തില്‍ പിന്നോക്കമാകുകയോ ശ്രദ്ധക്കുറവിനോ, അസുഖങ്ങള്‍മൂലം ഹാജര്‍ നിലവാരം കുറയുന്നതിനോ ഇടയാകുന്നു. ആറുമാസത്തില്‍ ഒരിക്കല്‍ വിര നിര്‍മ്മാര്‍ജ്ജനത്തിനുള്ള ഗുളികകള്‍ നല്‍കുന്നത് വിരബാധ മൂലമുള്ള ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ക്ക് നൂറ് ശതമാനം ഫലപ്രദമായ പ്രതിവിധിയാണ്. ഒരേ ദിവസം തന്നെ എല്ലാ കുട്ടികള്‍ക്കും തന്നെ വിരഗുളിക നല്‍കുന്നത് സമൂഹത്തില്‍ നിന്നുതന്നെ വിരബാധയെന്ന പ്രശ്നം തുടച്ചുമാറ്റാന്‍ സഹായിക്കും.
- Log in to post comments