*പുനരധിവാസം - മൈക്രോ പ്ലാൻ സമർപ്പിച്ചു.*
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനു വേണ്ടി തയ്യാറാക്കിയ മൈക്രോപ്ലാൻ ജില്ലാ കളക്ടർ മേഘശ്രീ ഡി ആർ ഐ എ എസ് മേപ്പാടി ഗ്രാമപഞ്ചായത്തിന് സമർപ്പിച്ചു. പ്രത്യേകം ക്ലസ്റ്റർ തിരിച്ച് ദുരന്തബാധിതരായ 1065 കുടുംബങ്ങളുടെ ആവശ്യങ്ങൾ നേരിട്ടു മനസ്സിലാക്കി തയ്യാറാക്കിയ സർവ്വേ റിപ്പോർട്ടിനെ മുൻനിർത്തിയാണ് മൈക്രോ പ്ലാൻ പൂർത്തീകരിച്ചിട്ടുള്ളത്. കുടുംബശ്രീയുടെയും ജില്ലയിലെ വിവിധ മേഖലയിലെയും 80 ലധികം വിദഗ്ധർക്ക് നൽകിയ പ്രത്യേക പരിശീലനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സർവ്വേ. ദുരന്തബാധിതരെ കൈപിടിച്ചുയർത്തുക അവർക്ക് ആരോഗ്യം, ന്യൂട്രിഷൻ, വിദ്യാഭ്യാസം, ഉപജീവനമാർഗം, നൈപുണ്യവികസനം എന്നീ മേഖലകളിൽ ആവശ്യമായ കാര്യങ്ങൾ സാധ്യമാക്കുക എന്നിവക്കാണ് പദ്ധതി കൂടുതൽ മുൻതൂക്കം നൽകുന്നത്. സെപ്റ്റംബർ 6 നാണ് കുടുംബതല മൈക്രോ പ്ലാൻ തയ്യാറാക്കുന്ന പ്രവർത്തനം നടത്തുന്നതിന് സർക്കാർ കുടുംബശ്രീയെ ചുമതലപ്പെടുത്തിയത്. സെപ്റ്റംബർ 9 മുതൽ ആരംഭിച്ച പ്രത്യേക പരിശീലനങ്ങൾക്കും കൃത്യമായ പഠനങ്ങൾക്കും സർവ്വേകൾക്കും ശേഷമാണ് മൈക്രോ പ്ലാൻ തയ്യാറാക്കപ്പെട്ടിട്ടുള്ളത്.
മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു അധ്യക്ഷനായി. ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പ്രഭാകരൻ എം, ജില്ല പ്രോഗ്രാം മാനേജർ ബിജോയ് കെ ജെ എന്നിവർ മൈക്രോ പ്ലാൻ വിശദീകരിച്ചു. വൈസ് പ്രസിഡണ്ട് രാധാ രാമസ്വാമി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നാസർ പി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജു ഹേജമാഡി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാധാമണി ടീച്ചർ, പത്താം വാർഡ് മെമ്പർ സുകുമാരൻ എൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സിഡിഎസ് ചെയർപേഴ്സൺ ബിനി പ്രഭാകരൻ നന്ദി പറഞ്ഞു.
- Log in to post comments